ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ ജുവനൈല്‍ കുറ്റവാളിയെ ഈ മാസം മോചിപ്പിക്കും. മൂന്ന് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ഈ മാസം 16ന് ഇയാള്‍ പുറത്തിറങ്ങാനിരിക്കെ പ്രതിയെ പൂര്‍ണസ്വതന്ത്രനാക്കി വിട്ടയക്കില്ല.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയാലും ഒരു വര്‍ഷത്തേക്ക് ഇയാള്‍ എല്ലായ്‌പ്പോഴും നിരീക്ഷണത്തിലായിരിക്കും. ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ഇയാളെ നിരീക്ഷിക്കാന്‍ എന്‍ജിഒയെ ഏല്‍പ്പിച്ചു.
ഇയാളെ മോചിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്തിന്റെ പല ഭാഗത്തും നടക്കുകയാണ്. സുരക്ഷാഭീഷണിയുളളതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞയുടന്‍ ഇയാള്‍ക്ക് വേണ്ടി കനത്ത സുരക്ഷയൊരുക്കാന്‍ ഡല്‍ഹി പോലീസിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് പെണ്‍കുട്ടിയോട് ചെയ്യുന്ന നീതിയാണൊ എന്ന് അറിയില്ല പക്ഷേ നിയമ നിര്‍വ്വഹണമാണിതെന്ന് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.
2012ല്‍ തലസ്ഥാനത്ത് ഓടുന്ന ബസിനുള്ളില്‍ 23കാരിയായ പെണ്‍കുട്ടിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ ആറ് പ്രതികളില്‍ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഇയാള്‍. ഡിസംബര്‍ 16ന് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി 13 ദിവസങ്ങള്‍ക്ക് ശേഷം സിംഗപ്പൂരിലെ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി.
സംഭവം നടക്കുമ്പോള്‍ പതിനേഴര വയസ്സായിരുന്നു ഇയാള്‍ക്ക്. പ്രതികളില്‍ ഏറ്റവും ക്രൂരമായി പെരുമാറിയത് പ്രായപൂര്‍ത്തിയാകാത്ത ഇയാളായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയ ഇയാള്‍ക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷ മാത്രമാണ് ലഭിച്ചത്.
കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ഡല്‍ഹിയിലെ കുട്ടികളുടെ പുനരധിവാസകേന്ദ്രത്തില്‍ കഴിഞ്ഞു വരികയായിരുന്നു. നിലവില്‍ ഇയാള്‍ക്ക് 20 വയസ്സുണ്ട്. പ്രതികളായ നാല് പേര്‍ വധശിക്ഷ കാത്ത് ജയിലില്‍ കഴിയുകയാണ്. ഒരാള്‍ വിചാരണയ്ക്കിടെ മരിച്ചു.