ഇനി വൈകില്ല നിര്‍ഭയയ്ക്ക് നീതി; പെട്ടിയില്‍ അടിക്കാന്‍ ബാക്കിയുള്ളത് അവസാന ആണി

hanging

ല്‍ഹിയില്‍ നിര്‍ഭയയെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ക്രൂരന്‍മാര്‍ക്ക് ഇനി ആയുസ്സിന്റെ ദൈര്‍ഘ്യം നീട്ടിക്കിട്ടില്ല. കുറ്റവാളികളില്‍ ഒരാള്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളാനുള്ള നടപടിക്രമങ്ങളിലാണ് ആഭ്യന്തര മന്ത്രാലയം. അഞ്ച് കുറ്റവാളികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് നീചമായ കുറ്റത്തിന് വിധിച്ച വധശിക്ഷയില്‍ നിന്നും രാഷ്ട്രപതിയുടെ കനിവ് തേടിയത്. ആഭ്യന്തര മന്ത്രാലയവും, ഡല്‍ഹി സര്‍ക്കാരുമായി ചേര്‍ന്നാണ് രാഷ്ട്രപതി അന്തിമ തീരുമാനം കൈക്കൊള്ളുക.

ദയാഹര്‍ജി തള്ളണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതേ നിലപാട് തന്നെയാകും ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെയ്ക്കുക. ദയാഹര്‍ജി തള്ളാന്‍ ആവശ്യപ്പെട്ടുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം പൂര്‍ത്തിയാക്കി വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒക്ടോബര്‍ 29ന് തിഹാര്‍ ജയില്‍ അധികൃതര്‍ 2012 ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ അഞ്ചില്‍ നാല് പ്രതികളുടെ ശിക്ഷയില്‍ മടക്കമുണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, മുകേഷ് സിംഗ് എന്നിവര്‍ ദയാഹര്‍ജി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വിനയ് ശര്‍മ്മ ഈ വഴിക്ക് നീങ്ങി.

കുറ്റവാളികളില്‍ അഞ്ചാമനായ രാം സിംഗ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. ഗുരുതരമായ ക്രൂരകൃത്യമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിച്ചാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി തള്ളിയത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയ്ക്കായി കാത്തിരിക്കുകയാണ് രാഷ്ട്രപതി. കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി തള്ളുന്നതോടെ കുറ്റവാളികളുടെ പെട്ടിയില്‍ അവസാന ആണിയടിക്കപ്പെടും.

23കാരിയായ പാരാമെഡിക് വിദ്യാര്‍ത്ഥിനിയുടെ പീഡന കൊലപാതകം രാജ്യമാകമാനം പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടര്‍ സമാനമായ അനുഭവം നേരിട്ട അവസരത്തില്‍ കൂടിയാണ് നിര്‍ഭയ കേസില്‍ കുറ്റവാളികളുടെ സമയം തീരുന്നത്.

Top