ന്യൂഡല്‍ഹി: നിര്‍ഭയകേസ് പ്രതികളുടെ പുനഃപരിശോധനഹര്‍ജി തള്ളിയ സുപ്രീം കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവി. സുപ്രീംകോടതിയുടേത് ശരിയായ തീരുമാനമാണെന്നും നമ്മള്‍ ഒരുപടികൂടി അടുത്തുവെന്നും അവര്‍ പ്രതികരിച്ചു.
നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടഅക്ഷയ്കുമാര്‍ സിങ് ഠാക്കൂര്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളിയ സുപ്രീംകോടതി ഡല്‍ഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജി തള്ളിയത്.
2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച് നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്.
ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച് മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, വിനയ് ശര്‍മം പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.