മൂന്നരമണിക്കൂര്‍ വാദം; വധശിക്ഷയുടെ സ്റ്റേ ചോദ്യം ചെയ്ത കേന്ദ്രത്തിന്റെ ഹര്‍ജി വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: മൂന്നരമണിക്കൂര്‍ വാദത്തിനൊടുവില്‍ നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്തത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിധി പറയാനായി മാറ്റി. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയതു കൊണ്ടുള്ള ഉത്തരവിനെതിരെയുള്ള ഹര്‍ജിയില്‍ വിധി പറയാനായി മാറ്റിയത്.

ഡല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസ് സുരേഷ് കൈത്താണ് ഞായറാഴ്ച തന്നെ ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് വാദം കേട്ടത്. വധശിക്ഷ സ്റ്റേ ചെയ്തുള്ള ഉത്തരവ് റദ്ദാക്കണമെന്നും പ്രതികള്‍ നിയമപ്രക്രിയയെ ചൂഷണം ചെയ്യുകയാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.

വധശിക്ഷ നടപ്പാക്കുന്നതില്‍ മനഃപൂര്‍വ്വം വൈകിപ്പിക്കുകയാണ്. വധശിക്ഷ ഒരിക്കലും വൈകിപ്പിക്കാന്‍ പാടില്ല. പ്രതികള്‍ക്കുള്ള അന്തിമവിധി സുപ്രീംകോടതി തീരുമാനിച്ചതാണ്. നാലുപേരുടെയും ശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്നില്ല. അതില്‍ ഒരു തടസവുമില്ല. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ 13ാം ദിവസമാണ് പ്രതികള്‍ ഹര്‍ജികള്‍ നല്‍കിയത്. ഇത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള തന്ത്രമാണ്- അദ്ദേഹം വാദിച്ചു.

ദയാ ഹര്‍ജിയില്‍ ഓരോ പ്രതികളുടെ കാര്യത്തിലും രാഷ്ട്രപതിക്ക് വ്യത്യസ്ത നിലപാട് സ്വീകരിക്കാമെന്നും അത് വ്യക്തിപരമാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഇത് എങ്ങനെയാണ് മറ്റ് പ്രതികളെ ബാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാനയില്‍ ബലാത്സംഗക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ചതും സോളിസിറ്റര്‍ ജനറല്‍ വാദത്തിനിടെ പരാമര്‍ശിച്ചിരുന്നു. തെലങ്കാനയില്‍ പ്രതികളെ വധിച്ചപ്പോള്‍ ജനങ്ങള്‍ ആഘോഷിച്ചെന്നും, അത് നീതി നടപ്പിലായതിന്റെ ആഘോഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വധശിക്ഷ നടപ്പിലാക്കാന്‍ സുപ്രീംകോടതിയോ ഭരണഘടനയോ നിശ്ചിത സമയം അനുവദിച്ചിട്ടില്ലെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകനായ എ.പി. സിങ്ങിന്റെ വാദം. ഈ കേസില്‍ മാത്രം എന്തിനാണ് ഇത്ര ധൃതിയെന്നും അദ്ദേഹം ചോദിച്ചു. നീതി നടപ്പാക്കുന്നതില്‍ ധൃതി കാണിക്കുന്നത് നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാണെന്നും എ.പി. സിങ് പറഞ്ഞു. പ്രതികളായ പവന്‍ കുമാര്‍, അക്ഷയ് കുമാര്‍, വിനയ് ശര്‍മ എന്നിവര്‍ക്ക് വേണ്ടിയാണ് എ.പി. സിങ് കോടതിയില്‍ ഹാജരായത്. മുകേഷ് സിങ്ങിന് വേണ്ടി ഹാജരായ അഭിഭാഷക റെബേക്കാ ജോണും കേന്ദ്രത്തിന്റെ നീക്കത്തെ എതിര്‍ത്തു. എന്തുകൊണ്ടാണ് ഈ കേസില്‍ നേരത്തെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും, നിയമമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ തങ്ങളെ കുറ്റപ്പെടുത്താനാകില്ലെന്നുമായിരുന്നു അവരുടെ വാദം.

Top