ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി നാളെ പരിഗണിക്കും

ന്യൂഡല്‍ഹി: ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് നിര്‍ഭയ കേസിലെ കുറ്റവാളി വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഫെബ്രുവരി 1നാണ് വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

അതിനിടെ നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതില്‍ പ്രതിഷേധിച്ച് നിര്‍ഭയയുടെ രക്ഷിതാക്കള്‍ കോടതി വളപ്പില്‍ മുദ്രാവാക്യം വിളിച്ചു. പട്യാല ഹൗസ് കോടതി വളപ്പില്‍ ആയിരുന്നു നിര്‍ഭയയുടെ മാതാപിതാക്കളുടെ പ്രതിഷേധം. വനിത അവകാശ പ്രവര്‍ത്തകയായ യോഗിത ഭയാനയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കുറ്റവാളികളില്‍ ഒരാളായ പവന്‍ ഗുപ്തയ്ക്ക് അഭിഭാഷകനെ കണ്ടെത്താനുള്ള സമയം അനുവദിച്ചു. കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
രക്ഷിതാക്കളുടെ വികാരം മനസ്സിലാക്കുന്നെന്നും ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പാക്കുമെന്നും കോടതി പറഞ്ഞു.

Top