ന്യൂഡല്‍ഹി: ഏഴ് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നടപ്പിലാക്കാന്‍ ഏറെ വൈകിയെങ്കിലും രാജ്യം കാത്തിരുന്ന വിധിയായിരുന്നു നിര്‍ഭയ പ്രതികള്‍ക്ക് ലഭിച്ചത്. ഇതിനിടയിലും ഇത്രയുംകാലം നിയമ പോരാട്ടത്തിനിടയില്‍ തങ്ങളെ തളര്‍ന്ന് പോകാതെ കൈപിടിച്ച ഒരു വ്യക്തിയെ കുറിച്ച് നിര്‍ഭയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്.
സാമ്പത്തികമായും മാനസികമായും തങ്ങളെ പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിരവധി തവണ അവര്‍ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം എന്തുതന്നെയായാലും രാഹുല്‍ഗാന്ധി ഞങ്ങളുടെ മാലാഖയാണെന്ന് നിര്‍ഭയയുടെ പിതാവ് ബദ്രിനാഥ് നേരത്തെ പറഞ്ഞിട്ടുണ്ട്. നിര്‍ഭയുടെ ആ നിര്‍ധന കുടുംബത്തെ സഹായിക്കുകയും സഹോദരനെ പൈലറ്റ് ആവാന്‍ പഠിപ്പിച്ചതും രാഹുല്‍ ഗാന്ധിയാണെന്ന് അവര്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
പക്ഷേ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യമായി പ്രതികരിക്കേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നതെന്ന് നിര്‍ഭയയുടെ പിതാവ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ആ ആഘാതത്തില്‍ നിന്നും കരകയറ്റാന്‍ സഹായിച്ചതും രാഹുലാണെന്ന് നിര്‍ഭയയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ലാഭം മുന്‍ നിര്‍ത്തിയായിരുന്നില്ല രാഹുലിന്റെ ഇടപെടല്‍ എന്നും ബദ്രിനാഥ് പറയുന്നു.
മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം അഞ്ചരയ്ക്ക് നടപ്പാക്കിയത്. സുപ്രീംകോടതിയില്‍ കുറ്റവാളികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അവസാന ഹര്‍ജിയും തള്ളിയതോടെ പുലര്‍ച്ചെ നാലേമുക്കാലോടെ വധശിക്ഷയ്ക്ക് മുന്നോടിയായി തിഹാര്‍ ജയിലില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ആരാച്ചാര്‍ പവന്‍ കുമാറും ഈ യോഗത്തില്‍ പങ്കെടുത്തു. പ്രതികളെ വീണ്ടും ബന്ധുക്കളെ കാണിക്കണമെന്ന വാദവും തള്ളി. ജയില്‍ മാനുവല്‍ പ്രകാരം ഇത് അനുവദിക്കാനാവില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്.
കുറ്റവാളികളുടെ ശാരീരിക ക്ഷമത തൃപ്തികരമെന്നും തിഹാര്‍ ജയിലധികൃതര്‍ അറിയിച്ചു. പ്രാര്‍ത്ഥിക്കാനായി 10 മിനിറ്റ് നല്‍കുന്നതടക്കം എല്ലാ നടപടിക്രമങ്ങള്‍ക്കും ഒടുവിലാണ് നാല് പേരെയും ഒരുമിച്ച് തൂക്കിലേറ്റിയത്. രാജ്യം ഒന്നാകെ കുറ്റവാളികള്‍ക്കെതിരെ അണിനിരന്ന കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കപ്പെട്ടിട്ടും കുറ്റവാളികള്‍ അവസാന നിമിഷം വരെയും തങ്ങളുടെ അനിവാര്യമായ മരണം വൈകിപ്പിക്കാന്‍ വേണ്ടി അവസാനം വരെയും ശ്രമിച്ചിരുന്നു.
2012 ഡിസംബര്‍ 16ന് ഡല്‍ഹിയിലാണ് രാജ്യത്തെയാകെ ഞെട്ടിച്ച ക്രൂരബലാത്സംഗം നടന്നത്. മുനിര്‍കാ ബസ് സ്റ്റാന്‍ഡില്‍ നിന്ന് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന നിര്‍ഭയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ബസില്‍ കയറിയത്. പിന്നീട് ആ ബസില്‍ നടന്നത് ലോകത്തെ ഞെട്ടച്ച ക്രൂര ബലാത്സംഗമായിരുന്നു. രാജ്യം മുഴുവന്‍ നിര്‍ഭയയുടെ നീതിക്കായി അണിനിരന്നിരുന്നു.