കോഴിക്കോട്: വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളേജില്‍ നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് അനധികൃതമായി പ്രവേശനം നല്‍കിയെന്ന് ആരോപിച്ച് നടത്തിയ സമരവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കോടതി വെറുതെ വിട്ടു.
ഡി.വൈ.എഫ്.ഐ,എസ്.എഫ്.ഐ നേതാക്കളായ എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി. വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്‍, ടി. വൈശാഖ്, കെ. ഷിബിന്‍, കെ. രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം.എം മിഥുന്‍ എന്നിവരെയാണ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-5 വെറുതേ വിട്ടത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദീപു ആണ് ഹാജരായത്.
2011-ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
സമരത്തില്‍ പങ്കെടുത്ത എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണ പിള്ള വെടിയുതിര്‍ത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.