ശ്രീനഗര്‍: ജമ്മു കശ്മീര്‍ മന്ത്രിസഭ പുന:സംഘടന ഇന്ന് നടക്കാനിരിക്കെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിര്‍മ്മല്‍ സിങ് രാജിവെച്ചു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണു രാജിയെന്നാണ് നിര്‍മല്‍ സിങ് വ്യക്തമാക്കിയത്. നിര്‍മല്‍ സിങ്ങിനു പകരം ബിജെപി നേതാവും നിലവില്‍ നിയമസഭ സ്പീക്കറുമായ കവിന്ദര്‍ ഗുപ്ത ഉപമുഖ്യമന്ത്രിയാകും.
മെഹബൂബ മുഫ്തി മന്ത്രിസഭയിലെ എല്ലാ പാര്‍ട്ടി മന്ത്രിമാരോടും രാജിക്കത്ത് നല്‍കാന്‍ ബിജെപി ഏപ്രില്‍ 17-ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജിക്കത്ത് ഗവര്‍ണര്‍ എന്‍.എന്‍.വോഹ്‌റയ്ക്കു കൈമാറിയിരുന്നില്ല. പാര്‍ട്ടിയിലെ പുതുമുഖങ്ങളെ മന്ത്രിസഭയിലെത്തിക്കാനാണ് ഈ നീക്കമെന്നാണു സൂചന. നിര്‍മല്‍ സിങ്ങിന് ഇതു സംബന്ധിച്ച നിര്‍ദേശം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയതായും അറിയുന്നു.
നിലവിലെ മന്ത്രിസഭയില്‍ നിന്നു എത്ര പേരെ ബിജെപി മാറ്റി നിര്‍ത്തുമെന്നു വ്യക്തമായിട്ടില്ല. കത്തുവ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചതിന്റെ പേരില്‍ ബിജെപിയുടെ രണ്ടു മന്ത്രിമാര്‍ അടുത്തിടെ രാജിവച്ചിരുന്നു. ഇതിനു പിന്നാലെ പിഡിപിയുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന രീതിയില്‍ വരെ ബിജെപിയില്‍ ചര്‍ച്ചയുണ്ടായി. എന്നാല്‍ ചിലരെ മാത്രം മാറ്റാനാണു നിലവിലെ തീരുമാനം.
അതേസമയം പിഡിപി മന്ത്രിമാരില്‍ മാറ്റമൊന്നുമുണ്ടാകില്ല. ഒഴിഞ്ഞു കിടക്കുന്ന ധനമന്ത്രി സ്ഥാനത്തേക്ക് ആരാകുമെന്ന ചര്‍ച്ചയും ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഗവര്‍ണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ മന്ത്രിമാര്‍ അധികാരത്തിലേറും. ഉച്ചയ്ക്ക് 12നു ശ്രീനഗറിലെ കണ്‍വന്‍ഷന്‍ സെന്ററിലാണു സത്യപ്രതിജ്ഞ ചടങ്ങുകള്‍.