ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റിലൂടെ റെക്കോര്‍ഡ്; ചരിത്രം സൃഷ്ടിച്ച് ഈ ‘നാരി ശക്തി’

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് മുന്നിലെ നിരവധി വെല്ലുവിളികള്‍ മറികടന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പൊതുബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റെക്കോര്‍ഡാണ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയം എടുത്താണ് ധനമന്ത്രി 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ബജറ്റിന്റെ അവസാന രണ്ടു പേജ് വായിക്കാതെ സ്പീക്കറുടെ മേശപ്പുറത്ത് സമര്‍പ്പിക്കുകയായിരുന്നു.

ലോക്‌സഭയില്‍ നിര്‍മ്മല അവതരിപ്പിച്ച പല പ്രഖ്യാപനങ്ങളും പ്രതിപക്ഷത്തിന്റെ കണ്ണു തള്ളുന്നതായിരുന്നു. കാശ്മീര്‍ അടക്കമുള്ള വെല്ലുവിളികള്‍ നിറഞ്ഞ വിഷയങ്ങളെ പ്രഖ്യാപനങ്ങളായി മാറ്റിയാണ് നിര്‍മ്മല ലോക്‌സഭയില്‍ പ്രകടനം കാഴ്ചവെച്ചത്.

കഴിഞ്ഞ മോദിസര്‍ക്കാരിന്റെ കാലത്ത് പ്രതിരോധമന്ത്രിയായി തിളങ്ങിയ നിര്‍മ്മലയ്ക്ക് ധനകാര്യം എന്ന വകുപ്പ് തുടക്കം മുതല്‍ക്കേ വെല്ലുവിളിയായിരുന്നു. രാജ്യത്തെ ഏറ്റവും കഴിവുകെട്ട ധനമന്ത്രിയെന്ന വിമര്‍ശനം പോലും വകവെക്കാതെയാണ് നിര്‍മ്മല ഇന്ന് പാര്‍ലമെന്റില്‍ എത്തിയത്. മാത്രമല്ല താന്‍ നിര്‍ബലയല്ല, നിര്‍മലയാണെന്നും ബിജെപിയിലെ വനിതകള്‍ സബലകളെന്നും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ധനമന്ത്രി വിമര്‍ശകരുടെ വായ അടപ്പിച്ചത്.

നിരവധി ബഹുമതികള്‍ നേടിയ ഇന്ത്യന്‍ നാരി ശക്തിയാണ് നിര്‍മ്മലാ സീതാരാമന്‍. 2017 സെപ്റ്റംബറില്‍ ഇന്ത്യയുടെ മുഴുവന്‍ സമയ പ്രതിരോധ മന്ത്രിയായി നിയമിതയായ ആദ്യ വനിതയായിരുന്നു നിര്‍മ്മലാ സീതാരാമന്‍. അതിനുശേഷം രാജ്യത്തിന്റെ സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ ശക്തമായ സമീപനം സ്വീകരിക്കാന്‍ നിര്‍മ്മലാ സീതാരാമന് സാധിച്ചു.

നെഹ്‌റു സര്‍വ്വകലാശാലയുടെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിന്റെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയാണെന്ന പ്രത്യേകത തന്നെയാണ് ധനമന്ത്രി പദവിയിലേക്ക് നിര്‍മ്മലയെ എത്തിച്ചത്.

Top