കര്‍ണാടക മന്ത്രിയെ നിര്‍മല സീതാരാമന്‍ ശകാരിച്ച സംഭവം; വിശദീകരണവുമായി കേന്ദ്രം

nirmala-sitharaman

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ കര്‍ണാടകയിലെ കുടകില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കര്‍ണാടക മന്ത്രി സാ രാ മഹേഷിനോട് ക്ഷുഭിതയായ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്ത്.

പാര്‍ലമെന്റിന്റെ അന്തസിനു കോട്ടമുണ്ടാക്കുന്നതും കേന്ദ്രമന്ത്രിയോട് അനാദരവ് പ്രകടിപ്പിക്കുന്നതുമായ പെരുമാറ്റമാണ് മന്ത്രി മഹേഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.

സംഭവം രാഷ്ട്രീയ വിവാദമായി മാറിയ സാഹചര്യത്തിലാണ് മന്ത്രാലയം വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. സംഭവത്തില്‍ നിര്‍മല സീതാരാമനെതിരേ കടുത്ത പ്രതികരണവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇന്ന് രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കുടകിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് വിവാദങ്ങള്‍ക്കിടയായ സംഭവമുണ്ടായത്. സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പായി മന്ത്രി ആദ്യം കാണേണ്ടത് ജില്ലാ അധികൃതരെയാണെന്ന് ചൂണ്ടിക്കാണിച്ച് മന്ത്രി മഹേഷ് രംഗത്തെത്തിയതോടെയാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്നാണ് നിര്‍മല സീതാരാമന്‍ മന്ത്രി മഹേഷിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

Top