അവകാശലംഘന നോട്ടീസ് പരിഗണിക്കണം; സഭയില്‍ പ്രതിപക്ഷ ബഹളം, അഞ്ചു പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: നിര്‍മ്മല സീതാരാമനെതിരായ അവകാശലംഘന നോട്ടീസ് പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് സഭയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. സഭയില്‍ ബഹളം വെച്ച അഞ്ച് അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. നാളെ വരെയാണ് സസ്‌പെന്‍ഷന്‍.

റഫാല്‍ ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിന് (എച്ച്എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന ലോക്‌സഭയിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. എച്ച് എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചുവെന്നും നടപടി വേണമെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

പ്രതിരോധ മന്ത്രിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് (എച്ച്എഎല്‍) 1 ലക്ഷം കോടി രൂപയുടെ കരാറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഒന്നുകില്‍ ഇതു സംബന്ധിച്ച രേഖകള്‍ സഭയില്‍ വയ്ക്കണം,അല്ലെങ്കില്‍ രാജി വയ്ക്കണമെന്ന് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

Top