nisam-basheer ali

പാലക്കാട്: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ വീണ്ടും പരാതി. ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നിസാം വധഭീഷണി മുഴക്കിയെന്നാണ് നിസാമിന്റെ അടുത്ത ബന്ധുവും ബിസിനസ് പങ്കാളിയുമായ ബഷീര്‍ അലി പരാതി നല്‍കിയിരിക്കുന്നത്.

ജൂലൈ പതിനാലിന് ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ നിസാം തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ബഷീര്‍ അലി പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്.

നിസാമിന്റെ സഹോദരന്‍മാര്‍ തൃശൂരില്‍ പരാതി നല്‍കിയതിന്റെ പിറ്റേദിവസമായ ഒക്‌ടോബര്‍ 21നാണ് ബഷീറലി പരാതി നല്‍കിയത്. ബിസിനസ് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാനാണ് നിസാമിനെ കാണാന്‍ എത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പറയുന്നത് അനുസരിച്ചില്ലെങ്കില്‍ തന്നെ വെച്ചേക്കില്ലെന്നും, ഗുണ്ടകളെ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്നും നിസാം പറഞ്ഞതായി പരാതിയിലുണ്ട്.

ബിസിനസ് സംബന്ധിച്ച തര്‍ക്കങ്ങളാണ് ഭീഷണിക്ക് കാരണം. ഭീഷണിപ്പെടുത്തുന്ന സമയത്ത് നിസാമിന്റെ മാനേജറും ഒപ്പമുണ്ടായിരുന്നെന്ന് ബഷീര്‍ അലി പറയുന്നു.

ബഷീര്‍ അലിയുടെ പരാതിയില്‍ അന്വേഷണച്ചുമതല പാലക്കാട് എസ്.പി., സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയെ ഏല്‍പിച്ചു.

Top