പാല: ലോകസഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരള കോണ്‍ഗ്രസ്-എം വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. സ്ഥാനാര്‍ഥിയെ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. അനുയോജ്യനായ സ്ഥാനാര്‍ഥിയെ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങള്‍ നടത്തുന്ന പ്രചാരണം കേരള കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കേരളയാത്രയുടെ ശോഭ കെടുത്താന്‍ വേണ്ടിയുള്ളതാണെന്നും കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി നിഷ ജോസ് കെ.മാണി ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ എം മാണി കഴിഞ്ഞ യുഡിഎഫ് നേതൃയോഗത്തില്‍ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. ലീഗും സീറ്റുകളുടെ എണ്ണം കൂട്ടിച്ചോദിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ ഇടുക്കി കൂടി നല്‍കണമെന്നായിരുന്നു കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം. എന്നാല്‍ അത് നടക്കില്ലെന്നാണ് കെ എം മാണിയ്ക്ക് മുന്നണിയില്‍ നിന്ന് കിട്ടിയ മറുപടി. സീറ്റ് വിഭജനം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ആരൊക്കെ എവിടെയൊക്കെ മത്സരിക്കും എന്ന കാര്യത്തില്‍ അന്തിമരൂപമാകുന്നേ ഉള്ളൂവെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ വ്യക്തമാക്കിയിരുന്നു.