മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് നിഷികാന്ത് ദുബെ

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കിയതില്‍ പ്രതികരണവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ലെന്നും ദുഃഖകരമായ ദിവസമായിരുന്നുവെന്നും നിഷികാന്ത് ദുബെ പറഞ്ഞു. ‘ചോദ്യത്തിന് കോഴ’ ആരോപണം മഹുവ മൊയ്ത്രയ്ക്കെതിരെ സഭയില്‍ ഉയര്‍ത്തിയത് നിഷികാന്ത് ദുബെയായിരുന്നു.

”അഴിമതി കാട്ടിയതിന് രാജ്യസുരക്ഷയുടെ പേരില്‍ ഒരു പാര്‍ലമെന്റ് അംഗം പുറത്തായത് എന്നെ വേദനിപ്പിക്കുന്നു. ഇന്നലെ സന്തോഷം നിറഞ്ഞ ദിവസമായിരുന്നില്ല, ദുഃഖകരമായ ദിവസമായിരുന്നു”- നിഷികാന്ത് ദുബെ പറഞ്ഞു.

ഗൗതം അദാനി ഗ്രൂപ്പിനെക്കുറിച്ചു പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ മഹുവ മൊയ്ത്ര പണം വാങ്ങിയെന്നു കാട്ടി ഇവരുടെ മുന്‍പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹദ്‌റായാണ് ആദ്യം സിബിഐയില്‍ പരാതി നല്‍കിയത്. പകര്‍പ്പു ലഭിച്ച ബിജെപി എംപി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കി. ഹിരാനന്ദാനി ഗ്രൂപ്പ് സിഇഒ ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു പണവും സമ്മാനങ്ങളും കൈപ്പറ്റി അദാനിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ചെന്നായിരുന്നു ആരോപണം.

ദര്‍ശന്‍ ഹിരാനന്ദാനി ആദ്യം ഇതു നിഷേധിച്ചുവെങ്കിലും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ആരോപണങ്ങള്‍ ശരിവച്ചുള്ള സത്യവാങ്മൂലം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കു കൈമാറി. പാര്‍ലമെന്റിലെ ഔദ്യോഗിക ഇമെയില്‍ വിലാസത്തിന്റെ പാസ്വേഡ് മഹുവ തനിക്കു നല്‍കിയിരുന്നുവെന്നും ചോദ്യങ്ങള്‍ക്കു പകരമായി മഹുവയ്ക്ക് ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍.

Top