പുതിയ ഹാച്ച്ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍ എത്തുന്നു

പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ എത്തുന്നു.

നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ പരീക്ഷണയോട്ടം നടത്തവെ ക്യാമറ പകര്‍ത്തിയ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ നിസാന്റെ നീക്കം വെളിപ്പെടുത്തിയിരിക്കുകയാണ്.

1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പമാണ് നോട്ട് ഇ-പവര്‍ ഒരുങ്ങുന്നത്.

എന്നാല്‍ എഞ്ചിന്‍ കരുത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക.

108 bhp കരുത്തേകുന്ന ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ബാറ്ററികളുടെ ദൗത്യം.

മറ്റ് ഇലക്ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഇലക്ട്രിക് സാങ്കേതികതയിലാണ് നിസാന്‍ നോട്ട് ഇ-പവറിനെ അവതരിപ്പിക്കുന്നത്.

37 കിലോമീറ്റര്‍ ഡ്രൈവിംഗ് പരിധി കാഴ്ചവെക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിക്ക് സാധിക്കുമെന്നാണ് നിസാന്‍ വാദം.

അതേസമയം, റേഞ്ച് എക്സ്റ്റന്‍ഡര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന കാറുകളെ ഹൈബ്രിഡ് വാഹനങ്ങളായാണ് അധികൃതര്‍ കണക്കാക്കുന്നത്.

ഇത് നോട്ട് ഇ-പവറിന് വില വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

രാജ്യാന്തര വിപണികളില്‍ വന്‍പ്രചാരം നേടുന്ന നോട്ട് ഇ-പവര്‍ ഇന്ത്യയിലും തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍.

Top