ഇന്ത്യയില്‍ നിസാന്‍ കാറുകളുടെ പ്രചാരം കൂട്ടാന്‍ വന്‍വിലക്കിഴിവ് പ്രഖ്യാപിച്ച് നിസാന്‍ ഇന്ത്യ. മൈക്ര, സണ്ണി, ടെറാനോ ഉള്‍പ്പെടെ മുഴുവന്‍ നിസാന്‍ മോഡലുകളിലും 50,000 രൂപയ്ക്ക് മേലെ ഡിസ്‌കൗണ്ട് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. സൗജന്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക പലിശ നിരക്കില്‍ കാര്‍ ലോണും നിസാന്റെ ആനുകൂല്യങ്ങളില്‍ പെടും.
വരാനിരിക്കുന്ന ഉത്സവ കാലവും വമ്പന്‍ വിലക്കിഴിവും വില്‍പനയ്ക്ക് പുത്തനുണര്‍വേകുമെന്ന് കമ്പനി കരുതുന്നു. അതേസമയം അടുത്തവര്‍ഷം തുടക്കത്തില്‍ തന്നെ നിരയില്‍ പുതുമ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ നിസാന്‍ നടത്തി വരികയാണ്.
പ്രാരംഭ ഹാച്ച്ബാക്ക് മൈക്ര ആക്ടിവില്‍ 20,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും 10,000 രൂപയുടെ വിലക്കിഴിവുമാണ് കമ്പനി ലഭ്യമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശ നിരക്കില്‍ കാര്‍ ലോണും നിസാന്‍ നല്‍കും.
സാധാരണ മൈക്ര ഹാച്ച്ബാക്കിലും ഇതേ ഓഫര്‍ ആനുകൂല്യങ്ങളാണ് നിസാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വിലക്കിഴിവ് 12,000 രൂപയായിരിക്കുമെന്നു മാത്രം. സി സെഗ്മന്‍ സെഡാന്‍ സണ്ണിയില്‍ 35,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ് കമ്പനി നല്‍കുക.
45,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സാണ് ടെറാനോ എസ്‌യുവിയില്‍ കമ്പനി നല്‍കുക. വിലക്കിഴിവ് 30,000 രൂപയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം പലിശ നിരക്കില്‍ വായ്പയും 10,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും നേടാം.
പുതിയ കിക്‌സ് എസ്‌യുവിയിലൂടെ 2019 വര്‍ഷം തുടങ്ങാനാണ് നിസാന്റെ പദ്ധതി.