നിസാന്റെ പുതിയ സബ് കോംപാക്ട് എസ്.യു.വിയായ കിക്‌സിന്റെ ബുക്കിങ് ആരംഭിച്ചു. നിസാന്‍ വെബ്‌സൈറ്റിലൂടെയും ഡീലര്‍ഷിപ്പ് വഴിയും വാഹനം ബുക്ക് ചെയ്യാം. 25,000 രൂപയാണ് ബുക്കിങ് തുക. 2019 ജനുവരിയിലാണ് കിക്ക്‌സിന്റെ ഔദ്യോഗിക അവതരണം. ഇതിന് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വാഹനം കൈമാറും. കിക്ക്‌സിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ നിസാന്‍ പുറത്തുവിട്ടിട്ടില്ല. 9.5 – 14.5 ലക്ഷത്തിനുള്ളില്‍ വില പ്രതീക്ഷിക്കാം.
ആഗോളതലത്തില്‍ നിസാന്‍ കിക്‌സ് വില്‍പ്പന ആരംഭിച്ചെങ്കിലും ഏറെ പ്രത്യേകതകളുമായാണ് മോഡലിന്റെ ഇന്ത്യന്‍ പതിപ്പ് വിപണിയിലെത്തുക. 17 ഇഞ്ച് വലിപ്പമുള്ള അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, വലിയ ടെയ്ല്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിങ് ബോഡിയിലുടനീളമുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്.
അകത്തളത്തിന് മാറ്റുകൂട്ടുന്നതിനായി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീലും കിക്‌സില്‍ ഒരുക്കുന്നുണ്ട്.
1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായിരിക്കും കിക്‌സ് ലഭിക്കുക. പെട്രോള്‍ എന്‍ജിന് 104 ബി.എച്ച്.പി. കരുത്തും 142 എന്‍.എം. ടോര്‍ക്കുമേകും. 108 ബി.എച്ച്.പി. കരുത്തും 240 എന്‍.എം. ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ ഉത്പാദിപ്പിക്കും. പെട്രോള്‍ മോഡലില്‍ അഞ്ച് സ്പീഡും ഡീസലില്‍ ആറ് സ്പീഡും മാനുവല്‍ ഗിയര്‍ബോക്‌സും ഒരുക്കും.