ഇന്ത്യയിലേക്ക് കോമ്പാക്ട് എസ്‌യുവി കിക്ക്‌സിനെ എത്തിക്കാനൊരുങ്ങി ജാപ്പനീസ് വാഹനനിര്‍മാതാക്കളായ നിസാന്‍.
കോമ്പാക്ട് എസ്‌യുവികളില്‍ ജീപ് കോമ്പസിന് വെല്ലുവിളിയായിട്ടായിരിക്കും കിക്ക്‌സിനെ നിസാന്‍ കൊണ്ടുവരിക.
നിലവില്‍ ഡസ്റ്ററും ടെറാനോയും ഒരുങ്ങുന്ന M0 പ്ലാറ്റ്‌ഫോമില്‍ തന്നെയാകും കിക്ക്‌സും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ എത്താനിരിക്കുന്ന റെനോ ക്യാപ്ച്ചറും ഇതേ പ്ലാറ്റ്ഫം പങ്കിടുമെന്നതും ശ്രദ്ധേയം.
നിരയില്‍, ടെറാനോയ്ക്ക് മേലെയായാകും കിക്ക്‌സിന്റെ സ്ഥാനം.
ഇന്ത്യന്‍ വേര്‍ഷന്‍ കിക്ക്‌സിന്റെ എഞ്ചിന്‍ വിവരങ്ങള്‍ നിസാന്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല.
നിലവിലുള്ള 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ തന്നെയാകും കിക്ക്‌സിലും കരുത്തേകുക എന്നാണ് സൂചന. അതേസമയം, ഇന്ത്യന്‍ വരവില്‍ പുതിയ 1.6 ലിറ്റര്‍ എഞ്ചിനും കിക്ക്‌സിന് ലഭിച്ചേക്കാം.
കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നതാണ് കോമ്പാക്ട് എസ്‌യുവി നിസാന്‍ കിക്ക്‌സ്. ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണ് കിക്ക്‌സിനുള്ളത്.
ഡ്യൂവല്‍ ടോണ്‍ ഡിസൈന്‍ തീമിനോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രത്യേക മമതയാണെന്ന് ഇതിനകം വ്യക്തമായ കാര്യമാണ്.
ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നതിനായുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും കിക്ക്‌സിന്റെ ഇന്റീരിയര്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.
അതേസമയം, ഇന്ത്യന്‍ വരവില്‍ ഈ ഫീച്ചറുകള്‍ സാന്നിധ്യമറിയിക്കുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു.