2020 ഡിസംബര്‍ ആദ്യവാരമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ സബ് കോംപാക്റ്റ് എസ്യുവിയായ മാഗ്‌നൈറ്റിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം ശ്രദ്ധേയമായത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ മാഗ്‌നൈറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി ഒരു വെര്‍ച്വല്‍ സെയില്‍സ് അഡൈ്വസര്‍ പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുകയാണ് നിസാന്‍ എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപഭോക്താക്കളുടെ കാര്‍ വാങ്ങല്‍ അനുഭവം വര്‍ധിപ്പിക്കുന്നതിനായി എക്‌സെന്‍ട്രിക് എഞ്ചിനുമായി സഹകരിച്ചാണ് പുതിയ നൂതന പ്ലാറ്റ്‌ഫോമിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നിസാന്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഷോപ്പ് അറ്റ് ഹോമിന്റെ ഭാഗമാണ് ഈ പുതിയ സംരംഭം.
വെര്‍ച്വല്‍ സെയില്‍സ് അഡൈ്വസര്‍ നിസാന്‍ മാഗ്‌നൈറ്റ് ഉപഭോക്താക്കള്‍ക്ക് തത്സമയ വ്യക്തിഗത ഉല്‍പ്പന്ന വിദഗ്ധ ഇടപെടല്‍, വാഹനം, ആന്‍സര്‍ പ്രൊഡക്ട്, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍, വേരിയന്റ് നിര്‍ദ്ദേശങ്ങള്‍, ഫിനാന്‍സിംഗ്, എക്‌സ്‌ചേഞ്ച് വാല്യൂ ഓപ്ഷനുകള്‍, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവുകള്‍ എന്നിവ ഓണ്‍ലൈനില്‍ കൂടി സാധ്യമാക്കും. നിസാന്‍ മാഗ്‌നൈറ്റ് ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ വെര്‍ച്വല്‍ ഷോറൂം, വെര്‍ച്വല്‍ ടെസ്റ്റ് ഡ്രൈവ് എന്നിവ ഉപയോഗിച്ച് കമ്പനി പുതുമ സൃഷ്ടിച്ചിരുന്നു.
വിപണിയില്‍ എത്തിയതിനുശേഷം ഇതുവരെ മൂന്നു ലക്ഷത്തിലധികം അന്വേഷണങ്ങളും 60,000 ബുക്കിംഗുകളും സ്വന്തമാക്കാന്‍ ഈ കോംപാക്ട് എസ്യുവിക്ക് സാധിച്ചിട്ടുണ്ട്. ഈ ബുക്കിംഗുകളില്‍ 25 ശതമാനവും നിസാന്‍ ഷോപ്പ് അറ്റ് ഹോം സംഭാവന ചെയ്യുന്നതാണ് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.
മികച്ച ഡിസൈനും അതിനൊത്ത രണ്ട് പെട്രോള്‍ എഞ്ചിനും താങ്ങാനാവുന്ന വിലയും കൂടി ആയതോടെ മാഗ്‌നൈറ്റിനെ ജനം ഹൃദയത്തോട് ചേര്‍ത്തെന്നു വേണം കരുതാന്‍. ഇതുവരെ ഇന്ത്യയില്‍ ഒരു നിസാന്‍ കാറിനും ലഭിക്കാതിരുന്ന സൗഭാഗ്യങ്ങളാണ് ജാപ്പനീസ് ബ്രാന്‍ഡിന് മാഗ്‌നൈറ്റ് നേടിക്കൊടുത്തിരിക്കുന്നത്.
അക്ഷരാര്‍ത്ഥത്തില്‍ നിസാന്റെ മടങ്ങിവരവിനാണ് മാഗ്‌നൈറ്റിലൂടെ രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. അവതരിപ്പിച്ച ഉടന്‍ മാഗ്‌നൈറ്റിന് ഇന്ത്യയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടായി.
മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ് (ലോകത്തിനായി ഇന്ത്യയില്‍ നിര്‍മ്മിക്കുക) എന്നതാണ് തങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന പോളിസി എന്ന് നിസാന്‍ ഇന്ത്യ പറയുന്നു. നിസാന് ഏറ്റവും അധികം പ്രതീക്ഷയുള്ള മോഡലാണ് മാഗ്‌നൈറ്റ്. നേപ്പാളില്‍ നിന്ന് മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ 750 ഓളം ബുക്കിംഗുകളാണ് മാഗ്‌നൈറ്റിന് ലഭിച്ചത്.
നിസാന്‍-റെനോ കൂട്ടുകെട്ടില്‍ വികസിപ്പിച്ചിട്ടുള്ള സിഎംഎഫ്-എ പ്ലസ് പ്ലാറ്റ്‌ഫോമിലാണ് മാഗ്‌നൈറ്റ് ഒരുങ്ങുന്നത്. പുതിയ എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. ലോകോത്തര സ്പോര്‍ട്സ് കാറായ നിസ്സാന്‍ ജിടി-ആറിലേത് പോലുള്ള ‘മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്’ സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്‌നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
XE,XL,XV,XV പ്രീമിയം എന്നീ നാല് വേരിയന്റുകളില്‍ 20 ഗ്രേഡുകളായാണ് നിസാന്‍ മാഗ്നൈറ്റ് വിപണിയില്‍ എത്തിയിരിക്കുന്നത്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്. നിസാന്‍ നെക്സ്റ്റ് സ്ട്രാറ്റജിക്ക് കീഴിലുള്ള കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണിത്. നിസാന്റെ ഏറ്റവും പുതിയ ഇന്റലിജന്റ് മൊബിലിറ്റി സാങ്കേതികവിദ്യ മാഗ്‌നൈറ്റില്‍ അവതരിപ്പിച്ചിട്ടുണ്ട്. നൂതന സാങ്കേതികവിദ്യയും ജാപ്പനീസ് എഞ്ചിനീയറിംഗ് കരുത്തോടെയും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വാഹനം ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണെന്ന് കമ്പനി പറയുന്നു.
20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്. നിസാന്റെ മികച്ച സാങ്കേതികവിദ്യകള്‍ മോഡല്‍ ശ്രേണിയിലുടനീളം നല്‍കിയിരിക്കുന്നു. എക്സ്ട്രോണിക് സിവിടി, ക്രൂയിസ് കണ്‍ട്രോള്‍, 360 ഡിഗ്രി എറൗണ്ട് വ്യൂ മോണിറ്റര്‍, നിസാന്‍ കണക്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ആസിയാന്‍ NCAP ക്രാഷ് ടെസ്റ്റില്‍ വാഹനം 4-സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കിയിരുന്നു.