രണ്ടാം തലമുറ നിസാന്‍ ലീഫ് ഹാച്ച്ബാക്ക് 2018-19 സാമ്പത്തിക വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കുമെന്ന് നിസാന്‍ ഇന്ത്യ തലവന്‍ തോമസ് കുയെല്‍. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്.
ഔദ്യോഗിക വരവിന് മുന്നോടിയായി ഒരുപിടി ലീഫ് 2 ഹാച്ച്ബാക്കുകളെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരും. ശേഷം 650 ഏക്കര്‍ വിസ്തീര്‍ണമുള്ള ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും കാറുകളുടെ പരീക്ഷണയോട്ടം നിസാന്‍ നടത്തും. ആഗോള മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് നിസാന്‍.
പരീക്ഷണയോട്ടങ്ങളെ അടിസ്ഥാനപ്പെടുത്തി തുടര്‍ന്നുള്ള ഭാവി പരിപാടികള്‍ കമ്പനി ആവിഷ്‌കരിക്കുമെന്നു കുയെല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ലീഫ് 2 ഹാച്ച്ബാക്കിനെ വില്‍ക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ നിസാന്‍ ആരംഭിച്ചെന്നാണ് വിവരം.
അതേസമയം വിപണിയില്‍ വന്‍തോതില്‍ ലീഫുകളെ വിറ്റഴിക്കാന്‍ നിസാന് പദ്ധതിയില്ല. പ്രീമിയം വിലനിലവാരം നിസാന്‍ ലീഫ് പുലര്‍ത്തുമെന്നാണ് അഭ്യൂഹം. ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ലീഫ് മോഡലുകളുടെ വില വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. വരവില്‍ മുപ്പതു മുതല്‍ നാല്‍പതു ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില നിസാന്‍ ലീഫ് 2 ഹാച്ച്ബാക്കുകള്‍ക്ക് പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മോഡലുകളെ ഇറക്കി മാര്‍ക്കറ്റ് വിഹിതം കൂട്ടുകയാണ് നിസാന്റെ ലക്ഷ്യം. ഈ ഉത്സവകാലം മുതല്‍ ഓരോ ആറു മാസം കൂടുമ്പോഴും പുതിയ മോഡലിനെ പുറത്തിറക്കുമെന്നു നിസാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ലിഫീന് പുറമെ പുതിയ എസ്‌യുവിയും നിസാന്‍ നിരയില്‍ ഉടന്‍ അണിനിരക്കും.
പൂര്‍ണ ഇറക്കുമതി മോഡലായാകും (കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റ്) നിസാന്‍ ലീഫ് 2 ഇന്ത്യയില്‍ എത്തുക. വില ഉയരാനുള്ള കാരണമായി ഇതു മാറാം.