യാത്രയ്ക്കു മാത്രമല്ല അടിയന്തിര സാഹചര്യത്തില്‍ വീട്ടിലേയ്ക്കുള്ള വൈദ്യുതിയ്ക്കു വേണ്ടിയും ലീഫിനെ ആശ്രയിക്കാമെന്നു വ്യക്തമാക്കി നിസ്സാന്‍. അത്യാവശ്യ ഘട്ടങ്ങളില്‍ നാലു ദിവസത്തേക്കു വരെ വീട്ടാവശ്യത്തിനായി വൈദ്യുതി ലഭ്യമാക്കാന്‍ ലീഫിനു സാധിക്കുമെന്നാണു അധികൃതര്‍ പറയുന്നത്.
2011 മാര്‍ച്ചില്‍ ആദ്യ തലമുറ ലീഫ് പുറത്തെത്തി മൂന്നു മാസത്തിനുള്ളിലായിരുന്നു ജപ്പാന്റെ വടക്കു കിഴക്കന്‍ തീരത്ത് ഭൂചലനവും സൂനാമിയും ദുരന്തം വിതച്ചത്. ഈ സമയം 48 ലക്ഷത്തോളം കുടുംബങ്ങളിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഇവിടങ്ങളില്‍ വൈദ്യുതി എത്തിക്കാനായി ലീഫിന്റെ 66 കാറുകള്‍ എത്തിച്ചിരുന്നതായി നിസ്സാന്റെ ഇലക്ട്രിക് വാഹന വിഭാഗം സീനിയര്‍ മാനേജരായ യുസുകെ ഹയാഷി വ്യക്തമാക്കി.
വാഹനത്തിലെ ഊര്‍ജം ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്ന വിധത്തിലുള്ള വെഹിക്കിള്‍ ടു എവരിതിങ് (വി ടു എക്‌സ്) സാങ്കേതികവിദ്യയാണു നിസ്സാന്‍ ലീഫിലുള്ളത്. അതുകൊണ്ടുതന്നെ ചാര്‍ജിങ് വേളയില്‍ ഗ്രിഡില്‍ നിന്നു വൈദ്യുതി സ്വീകരിക്കുന്നതു പോലെ മറ്റു സമയത്ത് ഗ്രിഡിലേക്കു വൈദ്യുതി മടക്കി നല്‍കാനുമാവും. ഈ വൈദ്യുതി വീടുകളിലും ബിസിനസ് ആവശ്യത്തിനും വിവിധ വൈദ്യുതോപകരണങ്ങളുടെ പ്രവര്‍ത്തനത്തിനുമൊക്കെ പ്രയോജനപ്പെടുത്താനാവും.
വി ടു എക്‌സ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ‘ലീഫ് ഇ പ്ലസി’ലെത്തുന്ന മണിക്കൂറില്‍ 62 കിലോവാട്ടുള്ള ബാറ്ററിക്കു പൂര്‍ണ ചാര്‍ജില്‍ ശരാശരി വീട്ടാവശ്യങ്ങള്‍ക്ക് നാലു ദിവസത്തെ വൈദ്യുതി നല്‍കാനാവും. 6,200 സ്മാര്‍ട് ഫോണുകള്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാനോ 43 നിലയുള്ള അപാര്‍ട്‌മെന്റിലെ ഒരു ലിഫ്റ്റിന്റെ 100 യാത്രകള്‍ക്കും ഈ ബാറ്ററിയിലെ ഊര്‍ജം പര്യാപ്തമാണെന്നാണു നിസ്സാന്റെ അവകാശവാദം. മാത്രമല്ല, പരമ്പരാഗത ഇന്ധനവിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കുന്നതിലും വേഗത്തില്‍ വൈദ്യുത ബന്ധം തിരിച്ചെത്തുമെന്നതിനാല്‍ ലീഫ് പോലുള്ള കാറുകളും അതിവേഗം നിരത്തിലിറക്കാനാവുമെന്നു നിസ്സാന്‍ വാദിക്കുന്നു.