നിസ്സാൻ ലീഫ്; ആദ്യ വൈദ്യുത മോഡല്‍ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി

നിസാന്റെ ആദ്യ വൈദ്യുത മോഡല്‍ കാറായ നിസാന്‍ ലീഫ് ഈ വര്‍ഷം വിപണിയിൽ എത്തും. പുതിയ കിക്ക്സ് എസ്യുവിയെ ഉപഭോക്താക്കൾക്കായി സമർപ്പിച്ച ചടങ്ങിലാണ് ലീഫും വിപണിയിലേക്കുണ്ടെന്ന കാര്യം നിസാന്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചത്. ലോകത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന വൈദ്യുത കാറാണ് നിസാന്‍ ലീഫ്.

മോഡലിനെ പൂര്‍ണ്ണമായും വിദേശത്തു നിര്‍മ്മിച്ച്‌ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ലീഫിന് 35 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. 2017 -ലാണ് ലീഫ് 2 ഹാച്ച്‌ബാക്കിനെ രാജ്യാന്തര വിപണിയില്‍ നിസാന്‍ അവതരിപ്പിച്ചത്.

പരമ്പരാഗത കാര്‍ സങ്കല്‍പ്പങ്ങളില്‍ നിന്നും ഒരല്‍പ്പം വ്യത്യസ്തമാണ് നിസാന്‍ ലീഫിന്റെ രൂപവും ഭാവവും. വൈദ്യുത മോഡലായതുകൊണ്ട് ഗ്രില്ലില്ല എന്നത് ഒരു പ്രത്യേകതയാണ്.148 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാന്‍ ലീഫിലെ തുടിക്കുന്ന വൈദ്യുത മോട്ടോറിന് കഴിവുണ്ട്. 40 kWh ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററിയുടെ പിന്തുണയാല്‍ ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍ ദൂരമോടും നിസാന്‍ ലീഫ്.

ചാര്‍ജ്ജിംഗ് സോക്കറ്റ് അടിസ്ഥാനപ്പെടുത്തി എട്ടു മുതല്‍ 16 മണിക്കൂര്‍ നേരം വേണം ബാറ്ററിയില്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് കയറാന്‍. ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനവും കാറിലുണ്ട്. ഫാസ്റ്റ് ചാര്‍ജ്ജറെങ്കില്‍ നാല്‍പതു മിനിറ്റുകള്‍ കൊണ്ട് എണ്‍പതു ശതമാനം ചാര്‍ജ്ജ് കൈവരിക്കാന്‍ ബാറ്ററിക്ക് കഴിയും.

മാരുതി, ടാറ്റ, ടൊയോട്ട, ഹോണ്ട, ഹ്യുണ്ടായി തുടങ്ങിയ മുന്‍നിര്‍ നിര്‍മ്മാതാക്കളെല്ലാം ഇന്ത്യയില്‍ വൈദ്യുത മോഡലുകളെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തവര്‍ഷം വാഗണ്‍ആര്‍ ഇവിയെ മാരുതി വില്‍പ്പനയ്ക്കു കൊണ്ടുവരും

Top