കിക്സ് എസ്യുവിക്ക് വീണ്ടും വില കുറച്ച് നിസാന്‍!

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‌യുവി മോഡലാണ് കിക്സ്. എന്നാല്‍ കിക്‌സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്പനി അവതരിപ്പിച്ച മാഗ്‌നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ കിക്സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസത്തിലും ഓഫറില്‍ കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വാഹനം വില്‍പ്പനയ്‌ക്കെത്തിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ നിര്‍മാതാക്കള്‍ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ ഓഫറുകളാണ് സെപ്റ്റംബര്‍ മാസത്തില്‍ ഒരുക്കിയിരിക്കുന്നതെന്നതാണ് വലിയ പ്രത്യേകത. ഉത്സവ സീസണിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ കിക്സ് എസ്യുവിക്കായി നിസാന്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്.

കിക്സ് എസ്യുവിയിലെ ഈ ആനുകൂല്യങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ അല്ലെങ്കില്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക. ഇതില്‍ ക്യാഷ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ബോണസ്, ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, എല്ലാ വേരിയന്റുകളിലുമുള്ള കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയും ഉള്‍പ്പെടുന്നു. എസ്യുവിക്ക് 7.99 ശതമാനം പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നു.

കിക്സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 15,000 രൂപ ക്യാഷ് ആനുകൂല്യവും 70,000 രൂപ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും യഥാക്രമം 5,000 രൂപ, 10,000 രൂപ ഇനത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അതേസമയം 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് പരമാവധി 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 5,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ഉള്‍പ്പെടുന്നു.

വിദേശ വിപണികളിലെ കിക്ക്സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ ഇന്ത്യന്‍ സ്പെക്ക് കിക്‌സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പിന്നാലെയാണ് 2019 ജനുവരിയില്‍ വാഹനത്തെ വിപണിയിലെത്തിച്ചത്.

റെനൊയുടെ എംഒ പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിക്കുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്‌ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്‌ഫോമില്‍ നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്‌ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്‌സ് നിരത്തിലുള്ളത്.

നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്സിന്റെ സ്ഥാനം. വിദേശ കിക്ക്സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്സിന് കൂടുതലുണ്ട്. പ്ലാറ്റ്ഫോമും മാറി. വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും. ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.

2021 കിക്ക്‌സ് ഈ വര്‍ഷം ആദ്യം കമ്പനി അവതരിപ്പിച്ചിരുന്നു. സ്റ്റാന്‍ഡേര്‍ഡ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ് യൂണിറ്റ് ഫേംവെയറുകള്‍ക്കായി ഓവര്‍-ദി-എയര്‍ അപ്‌ഡേറ്റിംഗിനൊപ്പം വൈ-ഫൈ, കീലെസ് എന്‍ട്രി പോലുള്ള റിമോട്ട് കമാന്‍ഡുകള്‍, ഓട്ടോമാറ്റിക് കൂളിഷന്‍ അറിയിപ്പ് ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നു.

 

Top