ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാന്‌റെ ഇന്ത്യയിലെ ജീവനാഡിയാണ് മാഗ്‌നൈറ്റ് എന്ന കുഞ്ഞന്‍ സബ്-4 മീറ്റര്‍ കോംപാക്ട് എസ്യുവി. ചീട്ടുകൊട്ടാരം പോലെ അതിവേഗം തകര്‍ന്നുകൊണ്ടിരുന്ന കമ്പനിയുടെ ജീവജലമായിരുന്നു മാഗ്നെറ്റ്.
2020 ഡിസംബറിൽ മാഗ്നൈറ്റ് വിപണിയിലെത്തിയതോടെ നിസാന്റെ തലവര നേരെയായി. എസ്‌യുവി മോഡലുകളോട് വർധിച്ചു വരുന്ന ഇന്ത്യാക്കാരുടെ പ്രണയം മനസിലാക്കിയാണ് അഞ്ച് സീറ്റർ മോഡലിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നതും. ഒറ്റ നോട്ടത്തിൽ തന്നെ ഏവരുടേയും മനംകവരാനുള്ള മനോഹാരിത നിസാൻ മാഗ്നൈറ്റിനുണ്ട്.
എന്തായാലും വാഹനം വമ്പൻ തരംഗമാകുമെന്നു തന്നെയാണ് ബ്രാൻഡ് വിശ്വസിച്ചിരുന്നത്. അതിന്റെ ഭാഗമായി 2020 നവംബറിൽ തന്നെ കമ്പനി 50 പുതിയ സെയിൽസ് ആൻഡ് സർവീസ് ടച്ച് പോയിന്റുകൾ തുറക്കുകയും 20 പുതിയ ഷോറൂമുകളിൽ വെഹിക്കിൾ കോൺഫിഗറേറ്ററുള്ള ഒരു വെർച്വൽ ഷോറൂം അവതരിപ്പിക്കുകയും ചെയ്തു.