നിസാന്‍ മാഗ്നൈറ്റിനു സ്വീകാര്യതയേറുന്നു; പ്രതിദിനം ലഭിക്കുന്നത് 1000 ബുക്കിങ്ങുകൾ

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാൻ മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്‌യുവിയെ 2020 ഡിസംബര്‍ ആദ്യവാരമാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മാഗ്‌നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ട്. ശരാശരി 1000 ബുക്കിങ്ങുകളാണ് ഇപ്പോൾ വാഹനത്തിന് പ്രതിദിനം ലഭിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

രാജ്യത്തുട നീളം 5000 ആളുകളാണ് ഡിസംബര്‍ 31-ന് മാത്രം മാഗ്‌നൈറ്റ് ബുക്ക് ചെയ്തത്. ജനുവരി ഒന്ന് മുതല്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ലോഞ്ചിങ്ങ് സമയത്ത് നിസാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിസംബര്‍ മാസത്തില്‍ വലിയ ബുക്കിങ്ങ് ലഭിച്ചതെന്നാണ് നിര്‍മാതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍ വില കൂട്ടാനുള്ള തീരുമാനം കമ്പനി പിന്നീട് വേണ്ടെന്നു വെച്ചു.

നിസാന്‍ മാഗ്നൈറ്റിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രാരംഭ വില തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 5,02,860 രൂപ മുതലാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില. മാഗ്‌നൈറ്റ് വിപണിയിലെത്തി ഒരു മാസത്തിനകം 32,800 ബുക്കിങ് ലഭിച്ചതായും 1,80,000-ത്തോളം അന്വേഷണങ്ങള്‍ വന്നതായും കമ്പനി പറയുന്നു.

മാഗ്‌നൈറ്റിന്റെ ബുക്കിംഗ് ഉയര്‍ന്നതോടെ വാഹനത്തിന്റെ ഡെലിവറി കാലാവധി കുറയ്ക്കുന്നതിനായി നിര്‍മാണ പ്ലാന്റില്‍ മൂന്നാമതൊരു ഷിഫ്റ്റ് കൂടി ഉള്‍പ്പെടുത്തി നിര്‍മാണ ശേഷി വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നിസാന്‍. ഇതിന്റെ ഭാഗമായി 1,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതിനുപുറമെ നിസാന്‍ ഡീലര്‍ഷിപ്പിലും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി സി.ഒ.ഒ. അശ്വിനി ഗുപ്ത പറഞ്ഞു.

Top