nissan manufacture it 250000th vehicle in russia

ജാപ്പനീസ് നിര്‍മാതാക്കളായ നിസ്സാന്റെ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ശാലയില്‍ നിന്നുള്ള മൊത്തം ഉല്‍പ്പാദനം രണ്ടര ലക്ഷം യൂണിറ്റ് പിന്നിട്ടു. രണ്ടു ലീറ്റര്‍ എന്‍ജിന്‍ ഘടിപ്പിച്ച നീല ഓള്‍വീല്‍ ഡ്രൈവ്, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ നിസ്സാന്‍ ‘ഖഷാക്വൈ’യാണു ശാലയുടെ ഉല്‍പ്പാദനം 2.5 ലക്ഷത്തിലെത്തിച്ചത്.

മൊത്തം 37.5 കോടി യന്ത്രഘടകങ്ങള്‍ക്കും 2,000 ടണ്‍ പെയിന്റിനും പുറമെ 28,300 പ്രവൃത്തി മണിക്കൂറുകളും ചേര്‍ന്നാണ് ഈ നേട്ടത്തിലെത്തിയതെന്നും കമ്പനി വിശദീകരിച്ചു. 2009 ജൂണിലായിരുന്നു ശാല ഔപചാരികമായി പ്രവര്‍ത്തനം ആരംഭിച്ചത്.

റഷ്യന്‍ സാഹചര്യങ്ങള്‍ക്കായി പ്രത്യേക രൂപകല്‍പ്പന ചെയ്ത ‘ഖഷാക്വൈ’ പോലുള്ള മോഡലുകളാണു നിസ്സാന്റെ കരുത്ത്. പോരെങ്കില്‍ റഷ്യന്‍ വിപണിക്കുള്ള വാഹനങ്ങളില്‍ 95 ശതമാനവും കമ്പനി ഇപ്പോള്‍ പ്രാദേശികമായി നിര്‍മിക്കുകയാണ്.

ഉല്‍പ്പാദനം രണ്ടര ലക്ഷത്തിലെത്തിയതോടെ യൂറോപ്പില്‍ നിസ്സാനുള്ള ഏറ്റവും പഴക്കം കുറഞ്ഞ ശാല കൈവരിച്ച വളര്‍ച്ചയും വികസനവും പുരോഗതിയുമൊക്കെയാണു വെളിവാകുന്നതെന്നു കമ്പനിയുടെ റഷ്യയിലെ നിര്‍മാണ വിഭാഗം വൈസ് പ്രസിഡന്റ് ദിമിത്രി മിഖൈലോവ് അഭിപ്രായപ്പെട്ടു.

ശാലയില്‍ നിന്നു പുറത്തെത്തുന്ന ഓരോ പുതിയ വാഹനത്തിലൂടെയും പ്രകടനം മെച്ചപ്പെടുത്താനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ പുത്തന്‍ നിസ്സാന്‍ ‘മുരാനൊ’ അവതരണത്തോടെ ഇക്കൊല്ലം നിസ്സാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ശാലയുടെ 10-ാം വാര്‍ഷികം ആഘോഷിച്ചിരുന്നു. മൊത്തം 31.2 കോടി യൂറോ(ഏകദേശം 2269.19 കോടി രൂപ) ആണു നിസ്സാന്‍ ഈ ശാലയില്‍ ഇതുവരെ നിക്ഷേപിച്ചത്.

എസ് യു വിയായ ‘എക്‌സ് ട്രെയ്ല്‍’, ‘പാത്ത് ഫൈന്‍ഡര്‍’ എന്നിവയും നിസ്സാന്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിക്കുന്നുണ്ട്.

Top