ചെന്നൈ: നിസാന്‍ – റിനോള്‍ട്ട് കാര്‍ നിര്‍മ്മാണ പ്ലാന്റിലെ തൊഴിലാളികള്‍ സമരത്തിലേക്ക്. കൊവിഡുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കാട്ടിയാണ് തൊഴിലാളികളുടെ സംഘടന സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിസാന്‍ മോട്ടോര്‍സും റിനോള്‍ട്ടും സംയുക്തമായി പ്രവര്‍ത്തിപ്പിക്കുന്ന പ്ലാന്റിലാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്ലാന്റില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും ആരോഗ്യ നിബന്ധനകള്‍ പാലിക്കുന്നില്ലെന്നും കാട്ടിയുള്ള പരാതിയില്‍ കോടതി വാദം കേള്‍ക്കാനിരിക്കെയാണ് സമരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
പ്ലാന്റിന്റെ ഭൂരിഭാഗം ഓഹരിയും നിസാന്‍ മോട്ടോര്‍സിനാണ്. ഏകദേശം 3500 ഓളം പേര്‍ അംഗങ്ങളായ ട്രേഡ് യൂണിയനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സുരക്ഷിതമല്ലാത്ത തൊഴില്‍ സാഹചര്യമാണെന്നും ബുധനാഴ്ചയിലെ ആദ്യ ഷിഫ്റ്റ് മുതല്‍ തങ്ങളുടെ സംഘടനയിലെ ആരും തൊഴിലിന് വരില്ലെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തങ്ങളുടെ ആരോഗ്യം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് ലഭിക്കാതെ തൊഴിലാളികള്‍ ജോലിക്ക് വരില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.