നിസാന്റെ പ്രീമിയം എസ്‌യുവി എക്‌സ്‌ട്രെയില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക് വീണ്ടും എത്തുന്നു. ഫെബ്രുവരിയിലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് എക്‌സ്‌ട്രെയിലിന്റെ തിരിച്ചുവരവ്.
2013 ലെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയിലാണ് മൂന്നാം തലമുറ എക്‌സ്‌ട്രെയ്ല്‍ പുറത്തിറങ്ങിയത്. നിസാന്റെ ആഗോള എസ്‌യുവി ശ്രേണിയില്‍പെടുന്ന ജൂക്ക്, ക്വാഷ്‌ക്വായി , പട്രോള്‍ , പാത്ത്‌ഫൈന്‍ഡര്‍ , മ്യുറാനോ മോഡലുകളുടെ തരം സ്‌റ്റൈലിങ്ങുള്ള എക്‌സ്‌ട്രെയില്‍ സിഎംഎഫ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഈ പ്ലാറ്റ്‌ഫോം ആദ്യമായി ഉപയോഗിക്കുന്നതും എക്‌സ്‌ട്രെയിലിനാണ്.
രണ്ട് ലീറ്റര്‍ ഡീസല്‍ എന്‍ജിനുള്ള എക്‌സ്‌ട്രെയിലിന് ഓട്ടോമാറ്റിക് ഗീയര്‍ബോക്‌സ് , ഇലക്ട്രോണിക് ഫോര്‍ വീല്‍ ഡ്രൈവ് എന്നിവയുണ്ട്. ഏഴ് സീറ്റര്‍ എസ്‌യുവിയുടെ പുതിയ മോഡലിന്റെ സവിശേഷതയാണ് ആക്ടിവ് റൈഡ് കണ്‍ട്രോള്‍ . മെഴ്‌സിഡീസ് ബെന്‍സ് എസ് ക്ലാസിലേതുപോലെ മുന്നിലുള്ള റോഡ് വിലയിരുത്തി സ്വയം സസ്‌പെന്‍ഷന്‍ ക്രമീകരിക്കുന്ന സംവിധാനമാണിത്.
പഴയതുപോലെ ഇറക്കുമതി ചെയ്താണ് എക്‌സ്‌ട്രെയില്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. അതുകൊണ്ടുതന്നെ 32 ലക്ഷം രൂപയ്ക്കടുത്തായിരിക്കും വില.
നിസാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു എക്‌സ്‌ട്രെയില്‍ . 2004 ലായിരുന്നു അത്. വേണ്ടത്ര വില്‍പ്പന ലഭിക്കാത്തതിനെ തുടര്‍ന്ന് 2014 ല്‍ ഈ മോഡലിനെ ജപ്പാന്‍ കമ്പനി ഇവിടെ നിന്നും പിന്‍വലിക്കുകയായിരുന്നു.