നിസാന്റെ പുതിയ കോംപാക്ട് എസ്‌യുവിയുടെ രൂപങ്ങള്‍ പുറത്തുവിടുന്ന ടീസര്‍ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഈ വാഹനത്തിന്റെ പേരോ മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. പ്രമുഖ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ ഇന്ത്യന്‍ ഓട്ടോസ് ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ വാഹനം നാല് മാസത്തിനുള്ളില്‍ വിപണികളില്‍ എത്തുമെന്നും ഇതിന്റെ പേര് നിസാന്‍ മാഗ്‌നെറ്റ് എന്നാണെന്നുമാണ്.
ഈ വാഹനം ഒരുങ്ങുക റെനോയുടെ ട്രൈബറിന് അടിസ്ഥാനപ്പെടുത്തിയാണെന്നാണ് റിപ്പോര്‍ട്ട്. നിസാന്റെ എസ്‌യുവിയായ കിക്സിനോട് സാദൃശ്യമുള്ള ഡിസൈനായിരിക്കും നിസാന്‍ മാഗ്‌നെറ്റിനെന്നാണ് സൂചന.
പുതിയ കോംപാക്ട് എസ്.യു.വി. രൂപകല്‍പന ചെയ്തിരിക്കുന്നത് നിസാന്റെ ആഗോള എസ്.യു.വി. പൈതൃകവും നൂതന സാങ്കേതികവിദ്യയും അടിസ്ഥാനമാക്കിയായിരിക്കും. നിസാന്റെ നിരന്തരമായ നവീകരണത്തിന്റെയും ജാപ്പനീസ് എന്‍ജിനീയറിങ്ങിന്റെയും സാക്ഷ്യമാണ് പുതിയ എസ്‌യുവി. എന്നാല്‍ വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.