ഇന്തോനേഷ്യയില്‍ ഡാറ്റ്‌സണ്‍ ബ്രാന്‍ഡ് നിര്‍ത്തലാക്കാനൊരുങ്ങി നിസാന്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ തങ്ങളുടെ ഡാറ്റ്‌സണ്‍ ബജറ്റ് ഓട്ടോ ബ്രാന്‍ഡ് ഇന്തോനേഷ്യയില്‍ ഔദ്യോഗികമായി നിര്‍ത്തലാക്കി. ദക്ഷിണ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ എല്ലാ നിസാന്‍, ഡാറ്റ്‌സണ്‍ കാറുകളുടെയും ഉത്പാദനം കമ്പനി അവസാനിപ്പിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു.

ഡീലര്‍മാരുമായി നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കുന്നതുവരെ ഡാറ്റ്‌സണ്‍ വാഹനങ്ങളുടെ വില്‍പ്പന തുടരും. വാഹന നിര്‍മ്മാതാക്കള്‍ രാജ്യത്ത് ഡാറ്റ്‌സണ്‍ ഗോ, ഗോ+, ഗോ ക്രോസ് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നത്.

എന്‍ട്രി ലെവല്‍ ബ്രാന്‍ഡ് രാജ്യത്ത് പ്രതീക്ഷകള്‍ക്ക് അനുസൃതമായ പ്രകടനം കാഴ്ച്ചവയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. നിസ്സാന്റെ ആഗോള പുനസംഘടനയുടെ ഭാഗമായാണ് ഈ നീക്കം.

ഇന്തോനേഷ്യയില്‍ നിസാന്‍ പ്രവര്‍ത്തിപ്പിച്ചിരുന്ന രണ്ട് നിര്‍മാണ കേന്ദ്രങ്ങളും പൂട്ടി. നിസാന്‍ ബ്രാന്‍ഡഡ് വാഹനങ്ങള്‍ നിര്‍മ്മിച്ചിരുന്ന കാരവാങ് ഉത്പാദന കേന്ദ്രം, കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ ഡാറ്റ്‌സണ്‍ കാറുകള്‍ നിര്‍മ്മിച്ചിരുന്ന പര്‍വകാര്‍ത്ത നിര്‍മ്മാണശാല ഈ വര്‍ഷം ജനുവരിയിലാണ് പൂര്‍ണ്ണമായും പ്രവര്‍ത്തന രഹിതമായത്.

അലയന്‍സ് പാര്‍ട്ണറായ മിത്സുബിഷിയുടെ ഇന്തോനേഷ്യന്‍ ഉത്പാദന കേന്ദ്രത്തില്‍ നിര്‍മ്മിക്കുന്ന നിസാന്‍ ലിവിന എംപിവിയും കമ്പനി വില്‍പ്പനയ്ക്ക് എത്തിക്കുന്നു. തായ്‌ലന്‍ഡില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കിക്‌സ് എസ്യുവിയും ഇന്തോനേഷ്യയില്‍ ഉടന്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.

Top