റിയാദ്: നിതാഖാത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വദേശി ജീവനക്കാരന് കുറഞ്ഞ പ്രായം 18 ആയും കൂടിയ പ്രായം 60 ആയും പരിധി നിശ്ചയിച്ച് സൗദി. പ്രായപൂര്‍ത്തിയാകാത്തവരെയും റിട്ടയര്‍മെന്റ് കഴിഞ്ഞവരെയും നിതാഖാത്തില്‍ ഉല്‍പ്പെടുത്തുന്നതിനുള്ള സ്ഥാപനങ്ങളുടെ ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തീരുമാനമെന്ന് മന്ത്രാലയം വിശദീകരണം നല്‍കി.
അടുത്തിടെ നിതാഖാത്ത് പദ്ധതിയിലെ സ്വദേശി ജീവനക്കാരുടെ മിനിമം വേതനവും മന്ത്രാലയം ഉയര്‍ത്തിയിരുന്നു. കുറഞ്ഞ ശമ്പളം മൂവായിരം റിയാലായിരുന്നത് നാലായിരം റിയാലായാണ് ഉയര്‍ത്തിയത്.
ഇത് നടപ്പിലാക്കുന്നതിന് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാലായിരത്തില്‍ താഴെ ശമ്പളം വാങ്ങുന്ന സ്വദേശി ജീവനക്കാരനെ നിതാഖാത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശിയായി പരിഗണിക്കില്ല. പകരം മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് വേതനമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായി പരിഗണിക്കും. മൂവായിരത്തില്‍ കുറവ് വേതനമുള്ളവരെ നിതാഖാത്തില്‍ പരഗണിക്കുകയും ഇല്ല. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ പ്രായപരിധി കൂടി നിശ്ചയിച്ചു നല്‍കിയത്.