മുംബൈ: ദേശീയപാതകളിലെ ടോള്‍ പിരിവ് ഒഴിവാക്കുന്ന കാര്യത്തില്‍ ഉറപ്പുനല്‍കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മികച്ച സേവനം ലഭിക്കുന്നതിന് ന്യായമായ വില നല്‍കേണ്ടി വരുമെന്നും, അതിനാല്‍ ആവശ്യം നടപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ടോള്‍ പിരിവ് ആഗോളതലത്തില്‍ തന്നെ സാധാരണമാണെന്നും, മികച്ച നിലവാരമുള്ള റോഡുകള്‍ വാഹന യാത്രികര്‍ക്ക് ഇന്ധന, സമയ ലാഭം ഉറപ്പാക്കുമെന്നും, യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും, ഇതിനാല്‍ മികച്ച സേവനത്തിനു പ്രതിഫലം ഈടാക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ മുംബൈയില്‍ നിന്നു പൂനെ വരെയുള്ള യാത്രയ്ക്ക് ഒന്‍പതു മണിക്കൂര്‍ വരെ എടുത്തിരുന്ന കാലമുണ്ടായിരുന്നുവെന്നും, എന്നാല്‍ റോഡുകള്‍ മികച്ചതായതോടെ ഇന്ന് ഇതേ ദൂരം രണ്ടു മണിക്കൂറില്‍ പിന്നിടാനാവുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദേശീയ പാതകളിലെ ടോള്‍ പിരിവ് നിര്‍ത്തേണ്ടതാണെന്ന വാദത്തോടു തനിയ്ക്കു യോജിപ്പാണെന്നും, എന്നാല്‍ ഇത് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്യാനാവില്ലെന്നും ഗഡ്കരി പറഞ്ഞു.