വൈക്കം: പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്തറുത്ത് കൊന്ന നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. തുറവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് നിതിനയുടെ മൃതദേഹം സംസ്‌കരിച്ചത്. തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് മൃതദേഹം ബന്ധുവീട്ടിലെത്തിച്ചത്. നിതിനയുടെ അപ്രതീക്ഷിത മരണത്തിലുള്ള ഞെട്ടലില്‍ നിന്ന് നാട്ടുകാരും സുഹൃത്തക്കളും ഇപ്പോഴും മോചിതരായിട്ടില്ല.
അതേസമയം, നിതിനമോളുടെ കൊലപാതക കേസില്‍ പ്രതി അഭിഷേകിനെ തെളിവെടുപ്പിനെത്തിച്ചു. അഭിഷേകിനെ പാലാ സെന്റ് തോമസ് കോളജ് പരിസരത്ത് എത്തിച്ച് കൃത്യം നടത്തിയ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി.
നിതിനയെ കൊലപ്പെടുത്തിയതിന് ശേഷം പോയി ഇരുന്ന സ്ഥലങ്ങളും അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. അതേസമയം പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
നേരത്തെ, നിതിനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. നിതിനയുടെ കഴുത്തിലേറ്റ മുറിവ് ആഴത്തിലും വീതിയിലുമുള്ളതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.
ഒക്ടോബര്‍ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളജില്‍ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളില്‍ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് നിതിനയെ കൊലപ്പെടുത്തുകയായിരുന്നു.