പാട്‌ന: യാദവ് അനകൂലികള്‍ക്കെതിരെ കര്‍ശന നടപടിയുമായി നിതീഷ് കുമാര്‍.
തങ്ങളുടേതാണ് യഥാര്‍ത്ഥ ജെഡിയു എന്ന് അവകാശപ്പെട്ട 21 ശരദ് യാദവ് വിശ്വസ്തരെ ജെഡിയുവിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
ജെഡിയു സംസ്ഥാന അധ്യക്ഷന്‍ വശിഷ്ട നാരായണ്‍ സിങാണ് നേതാക്കളെ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ചത്.
നേരത്തെ ശരദ് യാദവിനെ രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്ത് നിന്നും നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍ക്കെതിരെയുള്ള നടപടി.
14 സംസ്ഥാനങ്ങളിലും തങ്ങളുടെ പക്ഷത്തുള്ളവരാണ് ജെഡിയുവിലുള്ളതെന്ന വാദം ഉയര്‍ത്തി പാര്‍ട്ടി പിടിക്കാന്‍ യാദവ് പക്ഷം ശ്രമം തുടങ്ങുമെന്നായതോടെയാണ് നിതീഷിന്റെ പുതിയ അടവ്.
പാര്‍ട്ടിയേയും ജനങ്ങളേയും വഞ്ചിച്ച് ബിജെപി കൂട്ടുപിടിച്ച നിതീഷ് കുമാറിനെതിരെ കടുത്ത ശബ്ദത്തില്‍ വിമര്‍ശനം ഉന്നയിച്ചതാണ് മുതിര്‍ന്ന നേതാവ് ശരദ് യാദവിനെതിരെ പാര്‍ട്ടിയില്‍ നിതീഷിന്റെ പടയൊരുക്കത്തിന് പിന്നില്‍.
ബിജെപിക്ക് ഒപ്പമുണ്ടാകില്ലെന്നും പ്രതിപക്ഷത്തിനൊപ്പമാണ് താനെന്നും ശരദ് യാദവ് പ്രഖ്യാപിച്ചിരുന്നു.