രാജ്യത്തെ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ രാജ്യം വിട്ടെന്നാണ് ഇപ്പോള്‍ നിലനില്‍ക്കുന്ന സംശയം. കര്‍ണ്ണാടകയില്‍ ഒരു ബലാത്സംഗ കേസും, ഗുജറാത്തില്‍ തട്ടിക്കൊണ്ടുപോകലും, പീഡനവും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്നതിന് ഇടെയാണ് ആള്‍ദൈവം അപ്രത്യക്ഷനായത്. ഇയാള്‍ക്ക് എതിരെയുള്ള കേസുകളില്‍ നടക്കുന്ന വിചാരണയില്‍ 40 തവണയിലേറെയായി നിത്യാനന്ദ ഹാജരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
നേപ്പാള്‍ വഴി ഇക്വഡോറിലേക്കാണ് നിത്യാനന്ദ മുങ്ങിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇതിലേറെ കുഴയ്ക്കുന്ന പ്രശ്‌നം മറ്റൊന്നാണ്. 2018 സെപ്റ്റംബറില്‍ ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി പൂര്‍ത്തിയായിരുന്നു. ഇത് പുതുക്കിയിട്ടുമില്ല. ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ പോലീസ് അനുമതി ലഭിക്കാറുമില്ല. ഇത്തരമൊരു അപേക്ഷ പോലീസ് തള്ളുകയും ചെയ്തിരുന്നു.
കര്‍ണ്ണാടകത്തില്‍ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് നിത്യാനന്ദ സ്ഥലംവിട്ടതെന്നാണ് അഹമ്മദാബാദ് പോലീസ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അഹമ്മദാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തപ്പോഴാണ് ഗുജറാത്ത് പോലീസിന് ഈ വിവരം ലഭിക്കുന്നത്. നിത്യാനന്ദയുടെ ആശ്രമവുമായി ബന്ധപ്പെട്ടാണ് സംസ്ഥാനത്ത് കേസുള്ളത്.
ആശ്രമം നടത്തിപ്പിന് പണം കണ്ടെത്താന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നാണ് ഗുജറാത്തിലെ കേസ്. ആശ്രമത്തിലെ രണ്ട് ശിഷ്യകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് നിത്യാനന്ദ ആവിയായിപ്പോയത്!