പുതിയ ഫെയ്‌സ്ബുക്ക് വീഡിയോ പങ്ക് വച്ചിരിക്കുകയാണ് ഇന്റര്‍ പോള്‍ തേടുന്ന സ്വയം പ്രഖ്യാപിത ആള്‍ ദൈവം നിത്യാനന്ദ. ലോകം തേടുന്ന നിത്യാനന്ദ ഒളിവിലിരുന്ന് ഇവിടുത്തെ നിയമത്തെയും നിമയപാലകരെയും വെല്ലുവിളിക്കുമ്പോള്‍ അയാളെ കണ്ടെത്താന്‍ കഴിയാതെ ഇരുട്ടില്‍തപ്പുകയാണ് പൊലീസ്. തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലാണ് നിത്യാനന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇതെല്ലാം ചെയ്തതും ഈ ആരോപണങ്ങളൊക്കെ നേരിടുന്നതും പരമഹംസ നിത്യാനന്ദയാണ്. ഇപ്പോള്‍ നിങ്ങളോട് സംസാരിക്കുന്നത് പുതിയ അവതാരമാണ്. പേര് നിത്യാനന്ദ പരമശിവം. തുടങ്ങിയ വിചിത്രമായ വാദമാണ് നിത്യാനന്ദ അടുത്തിടെ പുറത്തിറക്കുന്ന വീഡിയോയില്‍ പറയുന്നത്. മണിക്കൂറുകള്‍ നീളുന്ന പ്രഭാഷണങ്ങളാണ് ഈ പേജില്‍ വന്നുകൊണ്ടിരിക്കുന്നത്. ക്ഷീണിച്ച ശരീരത്തോട് കൂടിയ നിത്യാനന്ദയുടെ വിഡിയോകളാണ് ഇപ്പോള്‍ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയം.
നിത്യാനന്ദക്കെതിരെ ആരോപണം ഉന്നയിച്ച് സ്വന്തം അനുയായികള്‍ തന്നെ രംഗത്ത് വന്നിരുന്നു. തന്റെ പെണ്‍മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന എന്ന ആരോപണമാണ് ഈയടുത്തായി വന്നത്. വര്‍ഷങ്ങളോളം നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്ന പിതാവാണ് ഇത്തരത്തില്‍ രംഗത്തെത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് നിത്യാനന്ദ സമൂഹമാധ്യമങ്ങളിലൂടെ രണ്ടു വീഡിയോകള്‍ പങ്കുവച്ചാണ് മറുപടി നല്‍കിയത്
അദ്ദേഹത്തിന്റെ മകള്‍ തന്നെ ലൈവിലെത്തി അച്ഛന്‍ പറയുന്നത് കള്ളമാണെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവിട്ടു. ആറുവര്‍ഷം ആശ്രമത്തില്‍ നിന്നു നേടാനുള്ളതെല്ലാം നേടിയ ശേഷം വ്യാജമായ ആരോപണങ്ങളുമായി അച്ഛന്‍ രംഗത്തെത്തുന്നു എന്നാണ് മകള്‍ വീഡിയോയില്‍ പറയുന്നത്. അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞ കള്ളത്തരങ്ങള്‍ കേട്ട് തന്റെ ചോര തിളച്ചെന്നും മകള്‍ തുറന്നടിച്ചു. എന്നാല്‍ മകളെ ഭീഷണിപ്പെടുത്തിയാണ് ഇത്തരത്തില്‍ പറയിപ്പിച്ചതെന്ന് വീഡിയോയില്‍ നിന്നുതന്നെ വ്യക്തമാകുമെന്നു പിതാവ് പറഞ്ഞു. പോക്‌സോ അടക്കമുള്ള ആരോപണങ്ങളാണ് നിത്യാനന്ദയ്‌ക്കെതിരെ പിതാവ് ആരോപിക്കുന്നത്.
ഇതേ പിതാവു തന്നെ നിത്യാനന്ദയെ കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ പങ്കുവച്ചും ആശ്രമം ആരോപണങ്ങളെ തടയാന്‍ ശ്രമിക്കുന്നു. ഗുരുതരമായി ഹൃദയരോഗത്തില്‍ നിന്നു തന്നെ രക്ഷിച്ചത് നിത്യാനന്ദയാണെന്നും രോഗം ഭേദമായി സ്‌കാന്‍ ചെയ്തപ്പോള്‍ ഹൃദയത്തില്‍ നീലവെളിച്ചം കണ്ടെന്നും അതില്‍ നിത്യാനന്ദയുടെ മുഖമുണ്ടായിരുന്നെന്നും ഇയാള്‍ പറയുന്ന വീഡിയോ നിത്യാനന്ദയുടെ അനുയായികള്‍ പുറത്തുവിട്ടു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയും സജീവമായിരിക്കുന്ന നിത്യാനന്ദയെ കണ്ടെത്താന്‍ ഇതുവരെയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.