ന്യൂഡല്‍ഹി: പ്രളയക്കെടുതി, ഹിമാചല്‍ പ്രദേശിന് 400 കോടി രൂപ സഹായം പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മേഘവിസ്‌ഫോടനം എന്നിവ കാരണം ഹിമാചലിലെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി.
അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടത്തുന്നതിന് കേന്ദ്ര റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിന് (സിആര്‍ഐഎഫ്) കീഴില്‍ 400 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുമെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.ദേശീയപാതയോരത്തെ ഒരു കിലോമീറ്റര്‍ വരെയുള്ള ലിങ്ക് റോഡുകള്‍ നന്നാക്കുന്നതിനുള്ള ചെലവ് എന്‍എച്ച്എഐ വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മാധ്യമങ്ങളോട് പറഞ്ഞു. 12,500 കോടി രൂപ ചെലവില്‍ ഹിമാചല്‍ പ്രദേശില്‍ 68 തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും കിരാത്പൂര്‍-മണാലി നാലുവരിപ്പാതയുടെ അറ്റകുറ്റപ്പണികള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നും ഉടന്‍ ഉദ്ഘാടനം ചെയ്യുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
ബിജിലി മഹാദേവ് റോപ്വേയ്ക്കായി 250 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ഷാപൂര്‍-സിഹുന്ത റോഡിന് ഒരുലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സിആര്‍ഐഎഫിന് കീഴില്‍ 52 കോടി, ബാഗ്ചല്‍ വഴിയുള്ള രംഗസ്-മെഹ്രെ എന്നിവയും 49 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കും.
ദേശീയ പാതകളുടെയും മറ്റ് റോഡുകളുടെയും വലിയ ഭാഗങ്ങള്‍ നദിയുടെ ഉഗ്രമായ ഒഴുക്കില്‍ ഒലിച്ചുപോയെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സാധ്യതയുള്ള കാരണങ്ങള്‍ പഠിക്കാനും നടപടികള്‍ സ്വീകരിക്കാനും ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവും നിതിന്‍ ഗഡ്കരിയും കഴിഞ്ഞദിവസം കുളു ജില്ലയെ തകര്‍ത്തെറിഞ്ഞ ദുരന്തത്തിന്റെ അനന്തരഫലങ്ങള്‍ സംയുക്തമായി വിലയിരുത്തി. ഇരു നേതാക്കളും ബഡാ ഭുയാന്‍, ദിയോധര്‍, ഷിരാദ്, ക്ലാത്ത്, ആലു ഗ്രൗണ്ട് മണാലി ഉള്‍പ്പെടെയുള്ള വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ദുരന്തബാധിതരായ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.