ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളും മരണങ്ങളും മോശമായ എന്‍ജിനീയറിങ്ങും നിലവാരമില്ലാത്ത വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളും (ഡിപിആര്‍) കാരണമാണെന്നും തുറന്നടിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. വ്യവസായ സംഘടനയായ സിഐഐ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡ് സുരക്ഷയാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും 2030 ഓടെ റോഡപകട മരണങ്ങള്‍ 50 ശതമാനം കുറയ്ക്കാനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യയില്‍ ഉടനീളമുള്ള റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് എഞ്ചിനീയറിംഗ് (റോഡ് & വെഹിക്കിള്‍ എഞ്ചിനീയറിംഗ്), എന്‍ഫോഴ്സ്മെന്റ്, വിദ്യാഭ്യാസം, എമര്‍ജന്‍സി മെഡിക്കല്‍ സേവനം ‘എന്നിവ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം സാമൂഹിക സ്വഭാവത്തിലെ മാറ്റം വളരെ പ്രധാനമാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതില്‍ എല്ലാ പങ്കാളികളുടെയും സഹകരണത്തിനും അദ്ദേഹം ഊന്നല്‍ നല്‍കി.
ഓരോ വര്‍ഷവും അപകടകരമാംവിധം ഉയര്‍ന്ന റോഡപകട മരണങ്ങള്‍ രേഖപ്പെടുത്തുന്ന മുന്‍നിര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2022-ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലുടനീളം 4.6 ലക്ഷം റോഡപകടങ്ങള്‍ ഉണ്ടായി, ഇത് 1.68 ലക്ഷം മരണങ്ങള്‍ക്കും നാല് ലക്ഷം ഗുരുതരമായ പരിക്കുകള്‍ക്കും കാരണമായി. ഇന്ത്യയിലുടനീളം ഓരോ മണിക്കൂറിലും 53 റോഡപകടങ്ങളും 19 മരണങ്ങളും നടക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു. റോഡപകടങ്ങളുടെ എണ്ണം 12 ശതമാനം വര്‍ധിച്ചതായും 2022ല്‍ മരണനിരക്ക് 10 ശതമാനം വര്‍ധിച്ചതായും ജിഡിപിക്ക് 3.14 ശതമാനം നഷ്ടം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. റോഡപകടങ്ങളില്‍ മരിച്ചവരില്‍ 60 ശതമാനവും 18-35 വയസ്സിനിടയിലുള്ളവരാണെന്നും ഗഡ്കരി പറയുന്നു.
റോഡുകളുടെ ഗുണനിലവാരത്തിലും സുരക്ഷാ വീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് വ്യവസായത്തിന്റെ ഭാഗത്തുനിന്ന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രി അടിവരയിട്ടു. സുരക്ഷയുടെ വീക്ഷണകോണില്‍ നിന്ന് റോഡുകള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യുന്നതില്‍ എഞ്ചിനീയര്‍മാര്‍ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവരുടെ വിശദമായ ആസൂത്രണ റിപ്പോര്‍ട്ടുകളില്‍ റോഡ് സുരക്ഷാ വീക്ഷണം ആഴത്തില്‍ വേരൂന്നിയതായിരിക്കണം ഗഡ്കരി പറഞ്ഞു.
ഇന്ത്യയിലെ റോഡപകടങ്ങളുടെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് തെറ്റായ റോഡ് എഞ്ചിനീയറിംഗാണെന്ന് നിതിന്‍ ഗഡ്കരി നേരത്തെയും കുറ്റപ്പെടുത്തിയിരുന്നു. തെറ്റായ റോഡ് രൂപകല്‍പ്പനയാണ് ഇന്ത്യയില്‍ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും ഓരോ വര്‍ഷവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ച് ലക്ഷം അപകടങ്ങള്‍ക്ക് കാരണം തെറ്റായ റോഡ് എഞ്ചിനീയറിംഗ് ആണെന്നും ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസിന്റെ 82-ാം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ കഴിഞ്ഞ ഡിസംബറില്‍ മന്ത്രി വ്യക്തമാക്കിയരുന്നു.