മുംബൈ: ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുള്ള കെട്ടിടം മുംബൈയില്‍ നിര്‍മിക്കുമെന്ന് കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരി.
ഛത്രപതി ശിവജിയുടെ പേരില്‍ നിര്‍മിക്കുന്ന കെട്ടിടം ലോകത്തിലെ ഏറ്റവും ഉയരമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ എന്തെങ്കിലും പ്രഖ്യാപനം നടത്തുകയല്ല. എന്റെ സ്വപ്നം പങ്കുവയ്ക്കുകയാണ്. ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരമുളള കെട്ടിടം മുംബൈ തീരത്ത് പണിയണം. ഛത്രപതി ശിവജി ടവര്‍ എന്ന് അത് അറിയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റെസ്‌റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവയും ഭൂഗര്‍ഭ വാഹന പാര്‍ക്കിങ് കേന്ദ്രവും ടവറിലുണ്ടാകും. ഏറ്റവും മുകളിലത്തെ നിലയില്‍ ഛത്രപതി ശിവജിയുടെ ജീവിതം പ്രതിഫലിപ്പിക്കുന്ന ആര്‍ട്ട് ഗാലറി ഉണ്ടാകുമെന്നും ഗഡ്കരി പറഞ്ഞു.
ആന്തമാനിലെയും മൗറീഷ്യസിലേയും പോലെ വൃത്തിയുള്ള തീരമാക്കി മുംബൈ തീരത്തെ മാറ്റുമെന്നും , കടല്‍ വൃത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ 19000 കോടി ചിലവില്‍ അറബിക്കടല്‍ തീരത്ത് ശിവജിയുടെ ശില്പം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. അടുത്ത മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപനം നിര്‍വഹിക്കും.