പാട്‌ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിനെതിരെ ആക്രമണം തുടർന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. നിതീഷ് ബി.ജെ.പി ബന്ധം തുടരുന്നുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു. അദ്ദേഹം ബി.ജെ.പി ഏജന്റാണെന്നും പ്രശാന്ത് കിഷോർ ആരോപിച്ചു.
ബിഹാറിൽ 3,500 കി.മീറ്റർ നീണ്ടുനിൽക്കുന്ന പദയാത്രയ്ക്കിടെയാണ് പ്രശാന്ത് കിഷോർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഒക്ടോബർ രണ്ടിന് ആരംഭിച്ച യാത്ര നിലവിൽ വെസ്റ്റ് ചംപാരനിലെ ലൗറിയയിലാണുള്ളത്. ബി.ജെ.പി എന്താണെന്ന് മനസിലാക്കാതെ നരേന്ദ്ര മോദിയെ തടഞ്ഞുനിർത്താനാകില്ലെന്നും പ്രശാന്ത് പറഞ്ഞു.
‘രാജ്യത്ത് എൻ.ആർ.സി, സി.എ.എ, എൻ.പി.ആർ പ്രക്ഷോഭം തിളച്ചുമറിയുമ്പോൾ ഞാൻ ജെ.ഡി.യു ദേശീയ വൈസ് പ്രസിഡന്റായിരുന്നു. എന്റെ പാർട്ടിയുടെ എം.പിമാർ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ട് ചെയ്തത് എന്നെ ശരിക്കും അലട്ടി. അന്ന് ദേശീയ പ്രസിഡന്റായിരുന്ന നിതീഷ് കുമാറിനോട് വിഷയത്തിൽ തർക്കിച്ചു. താനൊരു യാത്രയിലായിരുന്നുവെന്നും സംഭവങ്ങളൊന്നും അറിഞ്ഞിട്ടില്ലെന്നുമായിരുന്നു അദ്ദേഹം വാദിച്ചത്. ബിഹാറിൽ എൻ.ആർ.സി അനുവദിക്കില്ലെന്നും നിതീഷ് ഉറപ്പുനൽകി. ഈ ഇരട്ടത്താപ്പാണ് നിതീഷിനൊപ്പം മുന്നോട്ടുപോകാനാകില്ലെന്ന തിരിച്ചറിവുണ്ടാക്കിയത്’-പ്രശാന്ത് വെളിപ്പെടുത്തി.