പൗരത്വ രജിസ്റ്ററുമായി ബിഹാറിലേക്ക് വരേണ്ട; കേന്ദ്രത്തെ ഞെട്ടിച്ച് സന്ദേശവുമായി നിതീഷ് കുമാര്‍

Nitish Kumar

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പാക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പ്രതിഷേധങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തിലും ബിഹാറിലെ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയില്ലെന്ന് നിതീഷ് സൂചന നല്‍കിയത്.

പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുമ്പോഴാണ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിയുവിന്റെ നിതീഷ് കുമാറിനോട് റിപ്പോര്‍ട്ടര്‍മാര്‍ ചോദ്യം ഉന്നയിച്ചത്. ‘എന്തിനാണ് ബിഹാറില്‍ ഇത് നടപ്പാക്കുന്നത്?’ എന്ന മറുചോദ്യമാണ് നിതീഷ് ചോദിച്ചത്.

അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് നിന്ന് പുറംതള്ളുമെന്ന വാഗ്ദാനം പാലിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ലക്ഷ്യംവെയ്ക്കുന്ന പ്രധാന പദ്ധതികളില്‍ ഒന്നാണ് പൗരത്വ രജിസ്റ്റര്‍. ഇതിന് മുന്നില്‍ വാതില്‍ അടയ്ക്കുന്ന ആദ്യ എന്‍ഡിഎ നിയന്ത്രിത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍.

2024നുള്ളില്‍ അനധികൃത താമസക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് ബിജെപിയുടെ പ്രധാന ലക്ഷ്യം. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ വ്യാപകമാകുന്നതിന് ഇടെയാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കുന്നത്.

Top