പട്ന : പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിൽ ഇടഞ്ഞു നിൽക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ അനുനയിപ്പിക്കാൻ മുന്നണി കൺവീനർ സ്ഥാനം നൽകിയേക്കും. ഇക്കാര്യം ചർച്ച ചെയ്യാൻ ‘ഇന്ത്യ’ മുന്നണി ഘടകകക്ഷി നേതാക്കൾ വൈകാതെ ഓൺലൈൻ യോഗം ചേരുമെന്നാണ് സൂചന.
മുന്നണിയുടെ കഴിഞ്ഞ യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിലേക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പേരു ചർച്ചയായതോടെയാണ് നിതീഷ് കുമാർ ഇടഞ്ഞത്. തുടർന്ന് ജനതാദൾ (യു) അധ്യക്ഷ സ്ഥാനമേറ്റെടുത്ത നിതീഷ് കുമാർ മുന്നണി സീറ്റു വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചനയുണ്ട്.
സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ചേർന്നു നിതീഷ് ‘ഇന്ത്യ’ മുന്നണിക്കുള്ളിൽ കുറുമുന്നണിയുണ്ടാക്കി വിലപേശൽ നടത്താനും നീക്കമുണ്ട്. ബിഹാറിൽ ജെഡിയു – ആർജെഡി ബന്ധത്തിലും ഉലച്ചിലുണ്ടായി. ജെഡിയുവിൽ പിളർപ്പുണ്ടാക്കി തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നു.