ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ നേതാവ് മോദിയാണെന്നും ആര്‍ക്കും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
തിങ്കളാഴ്ച മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു നിതീഷിന്റെ പുകഴ്ത്തല്‍.
ആര്‍ക്കും മോദിയുമായി മത്സരിക്കാന്‍ കഴിയില്ല. എനിക്ക് അതിനുള്ള കഴിവില്ല. ഇപ്പോള്‍ അതിനു കഴിയുന്നവര്‍ ആരും തന്നെ ഇന്ത്യയിലില്ല. 2019-ല്‍ അദ്ദേഹം വീണ്ടും അധികാരത്തിലെത്തുമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല- നിതീഷ് പറഞ്ഞു.
ലാലുവുമായി ഒത്തുപോകാന്‍ ഒരുതരത്തിലും കഴിയാതിരുന്നതിനെ തുടര്‍ന്നാണ് മഹാസഖ്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും നിതീഷ് ആവര്‍ത്തിച്ചു. മന്ത്രിസഭയില്‍ നിന്നു പുറത്തുപോകാന്‍ താന്‍ ആരോടും ആവര്‍ത്തിച്ചിട്ടില്ലെന്നും സിബിഐ റെയ്ഡുകളെ സംബന്ധിച്ച് ജനങ്ങളോടു കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആവശ്യപ്പെടുക മാത്രമാണുണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു.
മുമ്പ്, ബിഹാറില്‍ മഹാസഖ്യം തകര്‍ത്ത നിതീഷിനെ തള്ളിപ്പറഞ്ഞ് ശരദ് യാദവ് രംഗത്തെത്തിയിരുന്നു. ജെഡി-യു, ബിജെപി പക്ഷം ചേര്‍ന്നു ഭരണം പങ്കിട്ട് ഒരാഴ്ച കഴിയുമ്പോഴാണ് ശരദ് യാദവ് എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. നിതീഷിന്റെ നടപടിയോട് യോജിക്കാനാവില്ലെന്നും ജനവിധിക്കെതിരേ പ്രവര്‍ത്തിക്കുന്ന എന്‍ഡിഎയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനല്ല ജനങ്ങള്‍ ജെഡിയുവിന് ഭൂരിപക്ഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.