പട്ന : ബിഹാർ ജാതി സർവേ വിവരങ്ങൾ സർക്കാർ പരസ്യപ്പെടുത്തുമെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. മുൻപു രാജസ്ഥാൻ, കർണാടക സർക്കാരുകൾ ജാതി സർവേ നടത്തിയെങ്കിലും വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. ബിഹാർ ജാതി സർവേ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയ മാതൃകയായി മാറുമെന്നും നിതീഷ് കുമാർ പറഞ്ഞു.
ജാതി സർവേ വിവരണ ശേഖരണം പൂർത്തിയായിട്ടുണ്ടെന്നും വൈകാതെ അന്തിമ റിപ്പോർട്ട് ലഭ്യമാകുമെന്നും നിതീഷ് കുമാർ അറിയിച്ചു. ജാതി സർവേ അട്ടിമറിക്കാൻ ചില ശക്തികൾ ശ്രമിച്ചിരുന്നതായി എല്ലാവർക്കും അറിയാമെന്നു നിതീഷ് പരോക്ഷമായി ബിജെപിയെ കുറ്റപ്പെടുത്തി.
ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്നു ജെഡിയു, ആർജെഡി കക്ഷികൾ 2015 മുതൽ ആവശ്യമുന്നയിച്ചിരുന്നു. കേന്ദ്ര സർക്കാർ ആവശ്യം നിരാകരിച്ചതിനെ തുടർന്നാണ് ബിഹാറിൽ സംസ്ഥാന തല ജാതി സർവേ നടത്തിയത്.