മദ്യനിരോധനം നടപ്പാക്കിയതിന് ശേഷം ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞെന്ന് നിതീഷ് കുമാര്‍

പട്‌ന: മദ്യനിരോധനത്തിന് ശേഷം ബിഹാറില്‍ കുറ്റകൃത്യ നിരക്ക് കുറഞ്ഞെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. എവിടെ കുറ്റകൃത്യം നടന്നാലും അധികൃതര്‍ കൃത്യമായി ഇടപെട്ട് നീതി ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ തേജസ്വി യാദവിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സമീപ ദിവസങ്ങളില്‍ നടന്ന ഹൈ പ്രൊഫൈല്‍ കൊലപാതകങ്ങളില്‍ സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് തേജസ്വി യാദവ് ആരോപിച്ചത്. മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ യുവാവിന്റെ കൊലപാതകം, കൗണ്‍സിലറുടെ ഭര്‍ത്താവിന്റെ കൊലപാതകം എന്നിവ ചൂണ്ടിക്കാട്ടിയാണ് തേജസ്വി സര്‍ക്കാറിനെ വിമര്‍ശിച്ചത്.

”സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നില്ല. എവിടെയെങ്കിലും കുറ്റകൃത്യം നടന്നാല്‍ പൊലീസും അധികാരികളും കൃത്യമായി ഇടപെടുന്നുണ്ട്. ഒരു സ്ഥലത്ത് നക്‌സലുകളുടെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ഒറ്റപ്പെട്ട സംഭവമാണ്. പൊതുവെ മദ്യനിരോധനത്തിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കുറഞ്ഞു” നിതീഷ് കുമാര്‍ ചൂണ്ടികാട്ടി

ബിഹാറിലുണ്ടായ വ്യാജമദ്യദുരന്തത്തിലും തേജസ്വി യാദവ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയിരുന്നു. വെസ്റ്റ് ചമ്പാരനിലെ വിഷമദ്യ ദുരന്തത്തില്‍ 40ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഭരണകക്ഷിയുടെയും സര്‍ക്കാറിന്റെയും ഒത്താശയോടെ സംസ്ഥാനത്ത് വ്യാജമദ്യലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തേജസ്വി ആരോപിച്ചിരുന്നു. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ ഭരണകക്ഷി എംഎല്‍എമാരെല്ലാം ജയിലില്‍ പോകേണ്ടി വരുമെന്നും തേജസ്വി പറഞ്ഞു. മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മദ്യനിരോധന നിയമത്തില്‍ പുനരാലോചന നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

Top