പട്ന : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ വിശാലസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വെള്ളിയാഴ്ച ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ സന്ദർശിക്കും. കോൺഗ്രസുമായും ബിജെപിയുമായും സമദൂരം പാലിക്കുന്ന നവീൻ പട്നായിക്, പ്രതിപക്ഷ മുന്നണിയുമായി സഹകരിക്കാൻ തയാറായാൽ നിതീഷ് കുമാറിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിത്വത്തിനു സാധ്യതയേറും. യുപിഎ കൺവീനർ സ്ഥാനം നിതീഷ് കുമാറിനു നൽകാൻ കോൺഗ്രസ് ഹൈക്കമാൻഡും സന്നദ്ധത അറിയിച്ചിരുന്നു.
കോൺഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ ബിജെപി വിരുദ്ധ മുന്നണിയുടെ ഭാഗമാക്കുന്നതിൽ നിതീഷ് കുമാർ നടത്തിയ ചർച്ച വിജയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനോടു മമതാ ബാനർജി പരസ്യമായി എതിർപ്പു പ്രകടിപ്പിച്ചിരുന്നു.
അതേസമയം, ജയപ്രകാശ് നാരായണന്റെ പ്രക്ഷോഭ മാതൃകയിൽ പ്രതിപക്ഷ മുന്നേറ്റത്തിനു തുടക്കം കുറിക്കാനുള്ള നേതൃയോഗം പട്നയിൽ നടത്തണമെന്നു മമതാ ബാനർജി നിർദേശിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കാൻ മമതാ ബാനർജി തയാറായതിന്റെ സൂചനയായാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ഇടതുകക്ഷികൾക്കും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിനും നിതീഷിന്റെ പ്രതിപക്ഷ ഐക്യ നീക്കങ്ങളോടു യോജിപ്പുണ്ട്.