ന്യൂഡല്‍ഹി: രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്നും മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നുവെന്നും വ്യക്തമാക്കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഡല്‍ഹിയില്‍ ‘മദ്യ വിമുക്ത ഇന്ത്യ’ കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
”ഇത് (മദ്യ നിരോധനം) അടുത്തുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല, രാജ്യമെമ്പാടും നടപ്പാക്കണം. മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നു അത്, മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്,”നിതീഷ് കുമാര്‍ പറഞ്ഞു.
നേരത്തെ മദ്യനിരോധനം രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പിന്നീട് അത് പിന്‍വലിക്കുകയായിരുന്നെന്നും ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി കാര്‍പൂരി താക്കൂര്‍ ഇത് കൊണ്ടുവന്നുവെങ്കിലും പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
ബീഹാറില്‍ 2011 മുതല്‍ മദ്യനിരോധനം നടപ്പിലാക്കാന്‍ താന്‍ ആലോചിക്കുന്നതാണെന്നും അത് 2016ല്‍ നടപ്പിലാക്കിയെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.