നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡിന്റെ വൈസ് പ്രസിഡന്റ് കൂടിയായ രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കുറച്ച് നാളായി സഖ്യകക്ഷിയായ ബിജെപിക്കെതിരെ ആഞ്ഞടിച്ച് വരികയാണ്. പൗരത്വ നിയമത്തിനും, ദേശീയ പൗരത്വ രജിസ്റ്ററും എതിരായി പരസ്യ നിലപാട് സ്വീകരിച്ച് ഞെട്ടിച്ച കിഷോര്‍ ഇതിന് പിന്നാലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡിന് കൂടുതല്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കടുംപിടുത്തം തുടങ്ങിക്കഴിഞ്ഞു.
ഇതിന്റെ പേരില്‍ ബിഹാര്‍ ബിജെപി നേതാക്കളുമായി വാക്‌പോര് അരങ്ങേറുന്നതിന് ഇടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാറിനോട് വിഷയത്തില്‍ പ്രതികരണം തേടിയത്. ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ അവഗണിച്ച നിതീഷ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് അവകാശപ്പെട്ടു.
‘എന്‍ഡിഎയില്‍ എല്ലാ നല്ലരീതിയിലാണ്’, ബിജെപി നേതാവ് നവീന്‍ ശര്‍മ്മയുടെ ചരമവാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തിയ കുമാര്‍ പ്രതികരിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രിയായ സുശീല്‍ മോദിക്ക് എതിരെ പ്രശാന്ത് കിഷോര്‍ രംഗത്ത് വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിതീഷ് കുമാറിന്റെ പ്രതികരണം. സീറ്റ് പങ്കിടുന്നത് സംബന്ധിച്ച് പ്രശാന്ത് കിഷോര്‍ അനാവശ്യമായ പ്രസ്താവനകള്‍ നടത്തുന്നതായി സുശീല്‍ മോദി ആരോപിച്ചിരുന്നു.
യാതൊരു ആശയവുമില്ലാതെ രാഷ്ട്രീയത്തില്‍ വന്നിറങ്ങിയവര്‍ നാടകങ്ങള്‍ നടത്തുകയാണെന്നാണ് സുശീല്‍ മോദി ചൂണ്ടിക്കാണിച്ചത്. 2015 ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രചരണ തന്ത്രങ്ങള്‍ മെനയാന്‍ ഒപ്പം കൂടി പ്രശാന്ത് കിഷോറിനെ പിന്നീട് പാര്‍ട്ടിയില്‍ എടുക്കുകയായിരുന്നു. ഇതിന് ശേഷവും മറ്റ് പാര്‍ട്ടികള്‍ക്കായി കിഷോര്‍ പ്രവര്‍ത്തനം തുടരുന്നുണ്ട്.