നിതീഷ് കുമാര്‍ രാജിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ; ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമാകും. ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് നിതിഷ് കുമാര്‍ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ കൂടിക്കാഴ്ച നടത്താനാണ് സമയം തേടിയത്. ആര്‍ജെഡി-കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കുന്ന കാര്യം ഗവര്‍ണറെ അറിയിക്കും. അതേസമയം, നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാനും ബിജെപി പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയാകാനും സാധ്യതയുണ്ട്.

രാജിവെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമോ, രാജിവെക്കാതെ തന്നെ തുടരുമോ എന്നീ ചര്‍ച്ചകളും നടക്കുന്നുണ്ട്. ആര്‍ജെഡി-കോണ്‍ഗ്രസ് മന്ത്രിമാരെ പുറത്താക്കി ബിജെപി എംഎല്‍എമാരെ മന്ത്രിമാരാക്കാനും സാധ്യതയുണ്ട്. ഇന്ന് രാവിലെ പത്തിന് നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ജെഡിയു നിയസഭാകക്ഷി യോഗം നടക്കും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡയും പട്‌നയിലെത്തിയേക്കും. കോണ്‍ഗ്രസിലെ എംഎല്‍എമാരെ കൂറുമാറ്റി ഒപ്പമെത്തിക്കാന്‍ നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ് കുമാറിനെ പിന്തുണച്ച് മുഴുവന്‍ ബിജെപി എംഎല്‍എമാരും നേതൃത്വത്തിന് കത്ത് കൈമാറി. ബിജെപി – ജെഡിയു എംഎല്‍എമാര്‍ക്ക് നിതീഷ് കുമാറിന്റെ വസതിയിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം നേതാക്കള്‍ ഗവര്‍ണറെ കാണും. 2022 ഓഗസ്റ്റിലാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ആര്‍ജെഡി – കോണ്‍ഗ്രസ് അടങ്ങുന്ന മഹാഗഡ്ബന്ധന്റെ ഭാഗമായത്.

അതേസമയം ജെഡിയു ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തേടുന്നുണ്ട്. പക്ഷെ അത് സാധ്യമാകണമെങ്കില്‍ ജെഡിയുവിനെ പിളര്‍ത്തേണ്ടി വരും. അത് ആര്‍ജെഡി കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ക്ക് അത്ര എളുപ്പമാകില്ല. കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് കേന്ദ്ര നിരീക്ഷകന്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തില്‍ ചേരും. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയോട് അടുക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേന്ദ്രം നിരീക്ഷകന്റെ സാന്നിധ്യത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗം.

Top