എപ്പോഴത്തേക്കും വേണ്ടിയാണ് ഇവിടെയെത്തിയതെന്ന് നിതീഷ്;പ്രധാനമന്ത്രിയെ സന്ദർശിച്ച് നിതീഷ് കുമാർ

എൻഡിഎയിലേക്കുള്ള ചുവടുമാറ്റത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായും നിതീഷ് കൂടിക്കാഴ്ച നടത്തി. ദേശീയ രാഷ്ട്രീയത്തിനൊപ്പം ഫെബ്രുവരി 12നു ബിഹാറിൽ നടക്കുന്ന വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളും മൂന്നു നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചർച്ചയായി.

മൂന്നു നേതാക്കളുമായും വാജ്പേയുടെ കാലം മുതലുള്ള ബന്ധം തനിക്കുണ്ടെന്ന് നിതീഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. 1995ൽ ആരംഭിച്ച ബന്ധമാണത്. രണ്ടു തവണ എൻഡിഎ സഖ്യം വിട്ടു ഞാൻ പുറത്തുപോയി. പക്ഷേ, ഇനി ഞാൻ മുന്നണി വിട്ടുപോകില്ല. എപ്പോഴത്തേക്കും വേണ്ടിയാണ് ഇവിടെ ഞാൻ എത്തിയിരിക്കുന്നത്. ഞാൻ ഒരിടത്തേക്കും പോകില്ലെന്നും നിതീഷ് കുമാർ‌ പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നില്‍ക്കെയാണ് നിതീഷ് കുമാർ മുന്നണി മാറി എൻഡിഎയിലെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ജെ‍ഡി(യു)വും തമ്മിലുള്ള സീറ്റ് വിഭജനം എങ്ങനെയായിരിക്കും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. 37 അംഗ ബിഹാർ മന്ത്രിസഭയിൽ നിതീഷ് ഉൾപ്പെടെ ഒമ്പത് അംഗങ്ങൾ മാത്രമാണ് ആകെ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത്. അതേസമയം, സീറ്റു വിഭജനം അടക്കമുളള കാര്യങ്ങൾ ചർച്ചയായില്ലെന്നാണു നിതീഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞത്. അതെല്ലാം അതിന്റേതായി വഴിക്ക് നടക്കുമെന്നും തുടക്കം മുതലുള്ള കാര്യങ്ങളെല്ലാം ബിജെപി നേതാക്കൾക്ക് അറിയാമെന്നും നിതീഷ് പറഞ്ഞു.

Top